muthappan

muthappan
മുത്തപ്പന്‍

2014 ഏപ്രിൽ 16, ബുധനാഴ്‌ച

തെയ്യവും തീയ്യരും - 3

തീയ്യര്‍ ശ്രീലങ്കയില്‍ നിന്ന് കേരളത്തിലേക്ക് വന്നപ്പോള്‍ കൊണ്ട് വന്നതാണ് തെങ്ങ് എന്നും അതിനാലാണ് അതിലെ കള്ള് എടുക്കാനുള്ള അവകാശം അവര്‍ക്ക് പാരമ്പര്യമായി ലഭിച്ചതെന്നും പറയപ്പെടുന്നു. കള്ള്, ചാരായം എന്നിവ ഇതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നു. കയര്‍, കയറുല്പ്പന്നങ്ങള്‍ എന്നിവയും ആലപ്പുഴയിലെ തീയ്യരാണ് കൂടുതല്‍ ഉണ്ടാക്കുന്നത്. കള്ള് വ്യവസായത്തിലും തീയ്യരാണ് മുന്‍പന്തിയില്‍. പ്രമുഖരായ അബ്കാരികള്‍ ഈ സമുദായത്തിനുണ്ട്. നെയ്ത്ത് തൊഴിലിലും ഇവര്‍ വ്യാപകമായി ഏര്‍പ്പെട്ടിരുന്നു. കണ്ണൂരിലെ ഹാന്‍ഡ് ലൂം തുണിത്തരങ്ങള്‍ വിശ്വ പ്രസിദ്ധമാണ്. ആലപ്പുഴയിലെ കയര്‍ മേഖലയിലെന്ന പോലെ കണ്ണൂരിലെ നെയ്ത്ത് രംഗത്തും സംഘടിത തൊഴിലാളി വര്‍ഗമാണ് ഇവര്‍. മലബാറില്‍ ഇവര്‍ ബീഡി തെറുപ്പും നടത്താറുണ്ട്‌. സംഘടിത ശക്തിയാണ് ഇവരും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കള്ള് ചെത്ത് തൊഴിലാളികളും കള്ള് ഷാപ്പിലെ തൊഴിലാളികളും മറ്റൊരു സംഘടിത വിഭാഗമാണ്‌. എന്നാല്‍ ഈ മേഖലയാകെ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.

വൈദ്യരംഗത്ത് പ്രമുഖരായ തീയ്യരെ വൈദ്യര്‍ എന്നാണു വിളിക്കുന്നത്‌. പതിനേഴാം നൂറ്റാണ്ടിലെ ഹോര്‍ത്തുസ് മലബാറിക്കയില്‍ പരാമര്‍ശിക്കപ്പെട്ട പ്രമുഖനായ തീയ്യ വൈദ്യരാണ് ഇട്ടി അച്യുതന്‍. കോലെഴുത്തിലെഴുതിയ ഇട്ടി അച്യുതന്റെ വൈദ്യകൃതികള്‍ നിലവിലുണ്ട്.

തീയ്യരിലെ അധ്യാപകര്‍ ആശാന്‍ എന്നും പണിക്കര്‍ എന്നും ഗുരുക്കള്‍ എന്നും അറിയപ്പെടുന്നു.  
തീയ്യരുടെ സംസ്ക്കാരത്തിലെക്ക് ഒന്നെത്തി നോക്കിയാല്‍ സമ്പന്നമായ സംസ്ക്കാരം നമുക്ക് കാണാവുന്നതാണ്. 
ഐവര്‍ കളി അഥവാ പാണ്ടവന്‍ കളി കേരളത്തിലെ പ്രമുഖ അമ്പലങ്ങളില്‍ നടത്തുന്നു. 

അര്‍ജുന നൃത്തം അഥവാ മയില്‍‌പ്പീലി തൂക്കം കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ തീയ്യ ജാതിക്കാരായ ആണുങ്ങള്‍ നടത്തുന്ന അനുഷ്ഠാന നൃത്തം. രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ നൃത്തം ഒറ്റയായും കൂട്ടായും അവതരിപ്പിക്കുന്നു. 

മകചൂട്ട്: തിരുവനന്തപുരത്ത് ഈഴവര്‍ നടത്തുന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് ഇത് നടത്തുന്നത്. കളരിപ്പയറ്റും നാഗാരാധനയും ഇടകലര്‍ന്ന ഒരു കലയാണിത്. 

പരിചമുട്ടുകളി: മലപ്പുറം മുതല്‍ തെക്കോട്ടുള്ള തീയ്യര്‍ കളിക്കുന്ന വാളും പരിചയും ഉപയോഗിച്ചുള്ള നാടന്‍ ആയോധന കലയാണ്‌ (FOLK MARSHAL ART) പരിചമുട്ട് കളി. മറ്റ് സമുദായങ്ങളും ക്രിസ്ത്യാനികളും ഇത് കളിക്കുന്നുണ്ട്. 

പൂരക്കളി: മലബാറിലെ ഭഗവതി കാവുകളില്‍ മീനത്തില്‍ (മാര്‍ച്ച്-ഏപ്രില്‍) തീയര്‍ നടത്തുന്ന ഒരു നാടോടി നൃത്തമാണ് പൂരക്കളി. പതിനെട്ടു നിറങ്ങളിലായി ഒരു വിളക്കിനു ചുറ്റും നിന്ന് കളിക്കുന്ന കളിയാണിത്. കളരിപ്പയറ്റില്‍ പരിശീലനം നേടിയവരും നൃത്തത്തില്‍ പരിശീലനം ലഭിച്ചവരാണ് ഇത് കളിക്കുന്നത്. 







തെയ്യം: തീയ്യരുടെ പ്രധാന തെയ്യങ്ങള്‍ വയനാട്ടു കുലവന്‍, കതിവന്നൂര്‍ വീരന്‍, പൂമാരുതന്‍, മുത്തപ്പന്‍ മുതലായവയാണ്.

പഴയകാലത്ത് തീയ്യര്‍ക്ക് നായരും മറ്റ് ശൂദ്രരുമായി തൊട്ടുകൂടായ്മ ഇല്ലായിരുന്നു. എന്നാല്‍ ഈഴവര്‍ക്ക് ഉണ്ടായിരുന്നു താനും. ഈഴവ സ്ത്രീകള്‍ നായര്‍ സ്ത്രീകളെ തമ്പുരാട്ടി എന്ന് വിളിക്കുമ്പോള്‍ തീയ്യ സ്ത്രീകള്‍ അമ്മാളകന്‍ എന്നാണു വിളിച്ചിരുന്നത്‌. ഇതില്‍ തുല്യത ഉണ്ടായിരുന്നു.  തീയ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ ബഹുമാനത്തോടെ പറയുന്നത് തീയ്യന്ശന്‍ എന്നാണു. എന്റെ തീയ്യന്ശന്‍ വന്നു അല്ലെങ്കില്‍ എന്റെ തീയ്യന്‍ വന്നു എന്നൊക്കെ പറയും. അണ്ടത്താന്‍ തീയ്യന്‍ എന്ന് പറഞ്ഞാല്‍ ഒന്നിനും വഴങ്ങാത്ത വിട്ടു വീഴ്ച ചെയ്യാത്തവരെയാണ് പറയുന്നത്. 
    
1860 ല്‍ ഒരു ക്രിസ്ത്യന്‍ മിഷനറിയുടെ ഭാര്യ എഴുതിയത് ഇങ്ങിനെയാണ്‌ ഒരു നായര്‍ക്ക് നമ്പൂതിരി ബ്രാഹ്മണനെ കാണാം. പക്ഷെ തൊടാന്‍ പറ്റില്ല. ചോവന്‍ (തിരുവിതാംകൂറില് ഉള്ളവര്‍) 36 സ്റ്റെപ്പ് ദൂരെ നില്‍ക്കണം. പുലയന്‍ 96 സ്റ്റെപ്പ് ദൂരെ നില്‍ക്കണം. ചോവന്‍ നായരില്‍ നിന്ന് 12 സ്റ്റെപ്പും പുലയന്‍ 66 സ്റ്റെപ്പും ദൂരെ നില്‍ക്കണം. പറയാന്‍ ഇതിലും കൂടുതല്‍ നില്‍ക്കണം.

സിംഹളം (പഴയ സിലോണ്‍,ഇന്നത്തെ ശ്രീലങ്ക) എന്ന ദ്വീപില്‍ നിന്ന് വന്നവരാണ് തീയ്യര്‍ എന്നും ദ്വീപര്‍ എന്നാണ് ഇതിന്റെ അര്‍ത്ഥമെന്നും പറയുന്നു. ഈഴം ദേശത്ത് നിന്ന് (സിലോണില്‍ നിന്ന്) വന്നവരാണ് ഈഴവര്‍ എന്നും പറയപ്പെടുന്നു. ചുരുക്കത്തില്‍ ഈഴം ദേശത്ത് നിന്ന് വന്നവര്‍ ആയത് കൊണ്ട് ഈഴവരും ദ്വീപില്‍ നിന്ന് വന്ന ദ്വീപര്‍ ആയത് കൊണ്ട് തീയ്യര്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടു എന്നാണ് കരുതുന്നത്.

വടക്കെ മലബാറില്‍ തീയ്യര്‍ എട്ടില്ലക്കാരും മൂന്നു കരിയങ്ങളും ആയി തിരിഞ്ഞിരിക്കുന്നു. എട്ടില്ലക്കാര്‍ എന്നാണു അവര്‍ ഇപ്പോഴും അറിയപ്പെടുന്നത്.  

ഇല്ലങ്ങള്‍:  നെല്ലിക്ക, പുല്ലാന്നി, വംഗേരി, കോഴിക്കാലന്‍, പടയാന്‍ കുടി, മന്നാന്‍ കുടി , തേനന്‍ കുടി, വെളക്കന്‍ കുടി .  ഈ ഇല്ലങ്ങള്‍ അവരുടെ ഗോത്രത്തിന്റെ അടിസ്ഥാന സ്വഭാവത്തെയും കരിയങ്ങള്‍ ഗോത്രങ്ങളില്‍ നിന്നുല്‍ഭവിച്ച് കുടുംബസമൂഹമായി വിഭജിക്കപ്പെട്ടതിന്റെ ചരിത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.  വടക്കെ മലയാളത്തിലെ ഇല്ലങ്ങളും ക്കരിയങ്ങളും പോലെ തന്നെ തുളു തീയ്യരുടെ  ഇടയില്‍ തേനങ്കുടി ഇല്ലം, നെല്ലിക്ക ഇല്ലം, കോഴിക്കാലത്തില്ലം മുതലായ എട്ടില്ലങ്ങള്‍ നടപ്പിലുണ്ട്.

തീയരുടെ എട്ടില്ലവും അത് പോലെ തറവാടും പ്രശസ്തമാണ്. ഇല്ലം അഥവാ തറവാടിനോടനുബന്ധിച്ചു കുളം, കാവ്, കളരി, തറ എന്നിവയൊക്കെ ഉണ്ടാകും.

ദാമോദരന്‍ കാവില്‍ തന്റെ ബ്ലോഗില്‍ A view of Thiyya Heritage എന്നതില്‍ എന്താണ് പറഞ്ഞത് എന്ന് നമുക്ക് പരിശോധിക്കാം:

കരിങ്കടലിന് അടുത്തുള്ള ആളുകള്‍ ബി.സി. എഴായിരത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി കുടിയേറിപ്പാര്ത്തു എന്നും അവരില്‍ ഒരു വിഭാഗം മുന്‍പറഞ്ഞ സോവ്യറ്റ് യൂണിയനിലെ കിര്‍ഗിസ്ഥാനിലും കുടിയേറിഎന്നും അങ്ങിനെ കുടിയേറിയവര്‍ Tian Mountain ലില്‍ ആയിരുന്നു എന്നും  അവിടെയുള്ളവരാണ് പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് (മലബാറിലേക്ക്) കടന്നതെന്നും പറയുന്നു. 

ലങ്കാപര്‍വം എന്ന ടി. ദാമുവിന്റെ മലയാളം പുസ്തകത്തില്‍ മലബാറിലെ തീയ്യര്‍ കിര്‍ഗിസ്ഥാനിലെ ആദിമ ജനതയുടെ പിന്തുടര്‍ച്ചക്കാരാണ് എന്നാണു പറയുന്നത്. ഒപ്പം തീയ്യന്‍ എന്ന പേര് വന്നത് കിര്‍ഗിസ്ഥാനിന്റെ കിഴക്ക് ഭാഗത്തെ Tian മലയില്‍ നിന്ന് വന്നത് കൊണ്ടാണെന്നും പഞ്ചാബിലെ സൈക്കോന്‍ വിഭാഗവും രാജസ്ഥാനിലെ സൈകൊവര്‍ വിഭാഗവും ഇവരുടെ കൂട്ടത്തില്‍ കുടിയേറിയവരാണ് എന്ന് പറയുന്നു.

തീയ്യര്‍ അതി പുരാതന ഗോത്രവിഭാഗമാണെന്നും അവരുടെ സ്വയം ഭരണ സംവിധാനം വളരെ കെട്ടുറപ്പുള്ളതും അനുകരണീയവുമായിരുന്നു.    

ഇല്ലം അഥവാ ഗോത്രം ആണ് ഭരണം നടത്തുന്നത്. ഇല്ലം, കുളം, കാവ് (മുണ്ട്യ) എന്നിവയാണ് ഇതിന്റെ നട്ടെല്ല്. മുന്ന് തട്ടുകളിലായിട്ടാണ് ഭരണം നടക്കുന്നത്. 

തറ: ഏറ്റവും താഴെ തട്ടിലുള്ള തറയാണ്‌ ഏറ്റവും ചെറിയ ഭരണ സമിതി. ഓരോ തറക്കും ഒരു സര്‍പ്പക്കാവ് (മുണ്ട്യയെങ്കിലും) നിര്‍ബന്ധമായും ഉണ്ടായിരിക്കും. തറ എന്ന് പറഞ്ഞാല്‍ ചെറിയ ഒരു ഗ്രാമമാണ്. അതില്‍ ഒരു തണ്ടാനും, ജ്യോത്സനും, അലക്കുകാരനും, സ്വര്‍ണ്ണപണിക്കാരനും അത് പോലെ പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളും ഉണ്ടാകും. കുറെ തറകള്‍ ചേര്‍ന്നതാണ് ദേശം. ഇല്ലം എന്നത് പിതാവിന്റെ കുടുംബവും കുലം എന്നത് മാതാവിന്റെ കുടുംബവുമാണ്.

കഴകം: നാല് തറകള്‍ കൂടി ചേര്‍ന്നത്‌ കഴകം. ജീവിത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്. ഇവര്‍ക്ക് സാധിക്കാത്തത് 22 തറകള്‍ ചേര്‍ന്ന വലിയ കഴകത്തിലെക്ക് വിടുന്നു. എന്നാല്‍ എല്ലാ തറകള്‍ക്കും ബാധകമായ പൊതു തീരുമാനം എടുക്കുന്നത് 64 തറകള്‍ ചേര്‍ന്ന പെരുംകഴകമാണ്‌.  പാവനമായ കാടുകളുമായി ബന്ധപ്പെടുത്തിയുള്ളതാണ് കഴകവും മുണ്ട്യയും. ഇന്നത്‌ ഒറ്റ മരത്തിന്‍ കീഴിലോ കോണ്ക്രീറ്റ് കെട്ടിടത്തിനു കീഴിലോ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
രാമവില്യം കഴകത്തെക്കുറിച്ചുള്ള പഠനം നമുക്ക് ഇതിനെക്കുറിച്ച്‌ വ്യക്തമായ ചിത്രം നല്‍കും.  ഓരോ കഴകത്തിനും അതിന്റെ കീഴില്‍ ആരാധാനകേന്ദ്രമായി ഒരു മുണ്ട്യ അല്ലെങ്കില്‍ സ്ഥാനം ഉണ്ടാകും. പാവനമായി കരുതുന്ന കാടിന്നിടയിലായിരിക്കും ഇത്.   അര എന്നും മുണ്ട്യ എന്നും ഇത് അറിയപ്പെടുന്നു. ഇത് ആ ഗ്രാമത്തിലെ മുഴുവന്‍ തീയ്യ സമുദായവും ഉള്‍പ്പെടുന്നതാണ്.  മുണ്ട്യകളില്‍ ദേവന്മാരും ദേവതകളും ആരാധിക്കപ്പെടുന്നു. 

ഉദാഹരണമായി രാമവില്യം കഴകം എടുത്താല്‍ അവിടെ അഞ്ചു പ്രാദേശിക മുണ്ട്യകള്‍ ഇതിന്റെ കീഴില്‍ വരും.  ഒളവര മുണ്ട്യ, കൂലെരി മുണ്ട്യ, കുരുവാപ്പള്ളി മുണ്ട്യ, തടിയന്‍ കൊവ്വല്‍ മുണ്ട്യ, പടന്ന മുണ്ട്യ . ഇതില്‍ ഒളവര മുണ്ട്യ ശക്തമായ കാടോട് കൂടിയ സര്‍പ്പകാവ് ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. മറ്റെല്ലാ കാവുകളിലും പ്രാദേശിക മൂര്‍ത്തികള്‍ തെയ്യത്തിന്റെ രൂപത്തില്‍ ആരാധിക്കപ്പെടുന്നു. ഈ കൂട്ടത്തില്‍ വിഷ്ണു മൂര്‍ത്തിയാണ് പൊതുവായി ആരാധിക്കപ്പെടുന്നത്. തീയ്യരുടെ കഴകമായ രാമവില്യം കഴകം പരശുരാമാനുമായി ബന്ധപ്പെട്ടതാണ് എന്നാണു ഇതിഹാസം.

ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആചാര പ്രകാരം പരശുരാമന്‍ തന്നെ പ്രതിഷ്ടിച്ചു എന്നാണ് വിശ്വസിക്കുന്നത്. അത് കൊണ്ടു കൂടിയാണ് രാമവില്യം കഴകം പ്രസിദ്ധിയാര്‍ജ്ജിച്ചത് എന്ന് കരുതപ്പെടുന്നു. അങ്ങിനെയാണ് ഈ കഴകം പരശുരാമ കഥയിലും ആര്യദ്രാവിഡ പാരമ്പര്യത്തിലും പുരാണങ്ങളിലും  പരാമര്‍ശിക്കപ്പെടുന്നത്. രാമ വില്യം കഴകം മറ്റൊന്ന് കൂടി സാക്ഷ്യപ്പെടുത്തുന്നു. തീയ്യ സംസ്ക്കാരം അമ്പലങ്ങളില്‍ നിന്ന് എങ്ങിനെ വിത്യസ്തമായിരിക്കുന്നു, അതിന്റെ ഭരണാധികാരികളും പുരോഹിതരും തീയ്യ സമുദായക്കാരാണ്. എന്നാല്‍ ആരാധന ഇപ്പോള്‍ അമ്പലം കേന്ദ്രീകരിച്ചു മാറ്റപ്പെട്ടു.

പുരാതന കോടതി കാവിനു മുന്നില്‍ തെറ്റ് ചെയ്തവരെ ഹാജരാക്കും. തെറ്റ് ചെയ്തവരില്‍ നിന്ന് ഈടാക്കുന്ന വസ്തു ആരോടു തെറ്റ് ചെയ്തുവോ അയാള്‍ക്ക് കൊടുക്കും. ചുരുക്കം ചിലപ്പോള്‍ തെറ്റ് ചെയ്യുന്നവര്‍ക്ക് ഊര് വിളക്കുകള്‍ ഏര്‍പ്പെടുത്തും. അങ്ങിനെ വന്നാല്‍ ഗ്രാമത്തിലെ ഒരു പൊതുപരിപാതിയിലും അയാള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുകയില്ല. കുടുംബങ്ങളും ഗ്രാമവാസികളും തമ്മിലുള്ള പ്രശ്നങ്ങളും കാവിന്റെ മുന്നില്‍ വരും.

കേരളോല്‍പ്പത്തിയില്‍ വിവരിക്കുന്ന നാഗാരാധകരായ വംശജരാണ്‌ ആദിമകാലത്തെ തീയ്യര്‍. മുകളില്‍ പറഞ്ഞ അവരുടെ സാമൂഹ്യ ഭരണ രീതിയാണ് തറയും കഴകവും പെരുംകഴകവും മറ്റും. പില്‍ക്കാലത്ത് ഈ രീതി പിന്തുടര്‍ന്നാണ് കേരളത്തെ 64  ഗ്രാമങ്ങളായി വിഭജിച്ചത്.

തീയ്യരുടെ ഓരോ തറക്കും (തറവാടിനും) ചുരുങ്ങിയത് ഓരോ സര്‍പ്പക്കാവ് (മുണ്ട്യ) ഉണ്ടായിരുന്നു. ഇങ്ങിനെയുള്ള 4 തറകള്‍ ചേര്‍ന്നാണ് കഴകവും 22 രണ്ടു തറകള്‍ ചേര്‍ന്ന് അതിലും വലിയ കഴകവും  64 തറകള്‍ ചേര്‍ന്ന് പെരുംകഴകവും ഉണ്ടായത്.  അങ്ങിനെ വരുമ്പോള്‍ സര്‍പ്പകാവുകളുടെ ഒരു ശൃംഗല (net work) യാണ് മലബാറിലെ നാഗാരാധകരായ തീയ്യര്‍ക്കുള്ളത്. സര്‍പ്പ ദോഷത്തിനു പേര് കേട്ടതാണ് പാമ്പിന്മേല്‍ കാവ് ബ്രാഹ്മണര്‍ക്ക് ഈ ദോഷം പരിഹരിക്കുന്നതില്‍ പരിമിതികളുണ്ട്. എന്നാല്‍ തീയ്യര്‍ക്ക് ബ്രാഹ്മണരെക്കാള്‍ പ്രാധാന്യം ഇതിലുണ്ട്. പെരളശ്ശേരിയിലെ തീയ്യരുടെ  ഗുരുക്കന്മാര്‍ കാവില്‍ സര്‍പ്പബലി നടത്തുന്നത് തീയ്യ കോമരമാണ്.  ഇതൊക്കെ  സൂചിപ്പിക്കുന്നത് ഉത്തര മലബാറിലെ തീയ്യ സമുദായം ആദിമ കാലം മുതലേ ഉണ്ടായ നാഗാരാധകരുടെ പിന്തുടര്‍ച്ചക്കാരാണ് എന്നാണു.
അപ്പോള്‍ പരശുരാമന്‍ കൊണ്ടുവന്നു എന്ന് പറയുന്ന യഥാര്‍ത്ഥ ബ്രാഹ്മണന്‍മാര്‍ ചിലപ്പോള്‍ തീയ്യരായിരിക്കുമോ .....??? അല്ല അങ്ങിനെയും സംശയിക്കാമല്ലോ??

തീയ്യരിലെ പടയാളികള്‍ ചേകവരെന്നുംപുരോഹിതര്‍ കുറുപ്പ് എന്നും കളരിപരിശീലിപ്പിക്കുന്നവര്‍ പണിക്കര്‍ എന്നും അദ്ധ്യാപകന്‍ ആശാന്‍ എന്നും ഡോക്ടര്‍മാര്‍ വൈദ്യന്‍ എന്നും ജ്യോതിഷം കൈകാര്യം ചെയ്യുന്നവര്‍ ജ്യോത്സന്‍ എന്നും അറിയപ്പെട്ടു. അരയില്‍ സ്വര്‍ണ്ണ കത്തി ധരിക്കാന്‍ പറ്റുന്നവനാണ് തലവനായ തണ്ടാന്‍. ഇവരുടെ സഹായി പൊനമ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടു. 31 മുതല്‍    61 വരെ എണ്ണത്തിലുള്ള പ്രായമായ ആളുകള്‍ ആണ് കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത്.

(തുടരും.....)

തെയ്യവും തീയ്യരും-2

തീയ്യരിലെ പടയാളികളാണ് ചേകവര്‍. സംസ്കൃത പദമായ സേവകര്‍ എന്നതില്‍ നിന്നാണ് ചേകവര്‍ എന്ന പദം ഉണ്ടായിരിക്കുന്നത്. ശ്രീലങ്ക, കേരളം, തമിഴ് നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ചേകവര്‍ ഉണ്ടായത്. സംഘകാലം മുതലേ തമിഴ്‌നാട്ടില്‍ ചേകവര്‍ ഉണ്ട്. ബി.സി. മൂന്നിനും ഏ.ഡി. നാലിനുമിടയിലുള്ള കാലമാണ് സംഘകാലം. ആയുധമേന്തിയ ശിവലിംഗത്തിന്റെ അടുത്ത് നില്‍ക്കുന്ന ആളായിട്ടായിരുന്നു സംഘകാലത്തെ കല്ലുകളില്‍ കൊത്തിവെച്ച ചേകവര്‍.

പാണന്മാര്‍ പാടി നടക്കുന്ന വടക്കന്‍പാട്ട് വളരെ പ്രശസ്തമാണ്. ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയും പ്രശസ്തരായ ചേകവരാണ്. ഇവര്‍ പുത്തൂരം വീട്ട്കാരാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഇവര്‍ ജീവിച്ചിരുന്നത്.  ആറ്റും മണമ്മേലെ ഉണ്ണിയാര്‍ച്ച തീയ്യ വനിതയാണ്‌. കളരിപ്പയറ്റ്, കുതിര സവാരി എന്നിവയില്‍ പ്രഗല്‍ഭയായിരുന്നു. കണ്ണപ്പന്‍ ചേകവരാണ് അച്ഛന്‍. ആരോമല്‍ സഹോദരനും. കുഞ്ഞിരാമന്‍ ഭര്‍ത്താവും. കണ്ണപ്പന്‍ ചേകവരുടെ മരുമകനായ ചന്തു ചേകവര്‍ ഉണ്ണിയാര്‍ച്ചയുടെ മച്ചിനിയനാണ്. ഉണ്ണിയാര്‍ച്ചയെ തനിക്ക് നിഷേധിച്ച ആരോമലെ ചന്തു ചതിയില്‍ കൊന്നുവെന്നും ഇതിനു പകരമായി ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമലുണ്ണി ചന്തുവിനെ അങ്കത്തില്‍ കൊന്നുവെന്നും പറയപ്പെടുന്നു.

വടക്കന്‍ പാട്ടും കളരിപ്പയറ്റും പറയുമ്പോള്‍ പലര്‍ക്കും തെറ്റു വരുന്ന ഒരു കാര്യമാണ് പതിനാറാം നൂറ്റാണ്ടിലെ പുത്തൂരം വീട്ടുകാരായ തീയ്യ ചേകവരുടെ കൂടെ പതിനെട്ടാം നൂറ്റാണ്ടില്‍ വടകരയില്‍ ഉണ്ടായ നായര്‍ തറവാട്ടുകാരായ തച്ചോളി മാണിക്കോത്ത് വീട്ടിലെ  തച്ചോളി ഒതേനക്കുറുപ്പിനെയും മറ്റും ബന്ധപ്പെടുത്തിക്കൊണ്ടുള്ള കാര്യം പറയുന്നത്.

പുത്തൂരം വീട് തീയ്യരുടെതും തച്ചോളി മാണിക്കോത്ത് വീട് നായരുടെതുമാണ്.  തീയ്യന്‍ ചേകവര്‍ ആകുന്നത് ഒരങ്കത്തിനു ശേഷമാണ്. അങ്ങിനെയുള്ളവരെയാണ് അങ്കച്ചേകവര്‍ എന്ന് വിളിക്കുന്നത്‌. ചേകവര്‍ തീയ്യരില്‍ നിന്ന് വന്നവരാണ് എന്നതിന് തെളിവായി ഇത് പറയാറുണ്ട്‌. അങ്കം പിടിച്ചാലേ ചേകോരാവൂ എന്നാണു ചേകോര്‍ പദത്തിന് വടക്കന്‍ പാട്ടില്‍ നല്‍കിയിരിക്കുന്ന നിര്‍വചനം. വടക്കന്‍ പാട്ടില്‍ മൂന്നു ചന്തുമാരാണ് ഉള്ളത്. ചന്തു ചേകവര്‍ (ചതിയന്‍ ചന്തു), പയ്യമ്പള്ളി ചന്തു ചേകവര്‍, തച്ചോളി ചന്തു എന്നിവരാണവര്‍. 

ഈഴവ തീയ ചരിത്ര പഠനം എന്ന തന്റെ പുസ്തകത്തില്‍ സംഘകാലത്തെ കേരളത്തില്‍ എന്ന അധ്യായത്തില്‍ കെ.ജി.നാരായണന്‍ പറയുന്നത് ശ്രദ്ധിക്കുക :
കേരളത്തിലെ ഏറ്റവും ജനബഹുലമായ സമതലപ്രദേശം സമുദ്രതീരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നൈതല്‍ നിവാസികളായിരിക്കുക സ്വാഭാവികമാണ്.  ഇതില്‍ ഉപ്പു ഉണ്ടാക്കുന്നവര്‍ക്ക് ഉപ്പാളനെന്നും അവരുടെ സ്ത്രീക്ക് ഉപ്പാട്ടിയെന്നും പഴയകാലത്ത് പേരുണ്ടായിരുന്നു. തച്ചോളി ഒതേനന്‍ എന്ന് വടക്കന്‍ പാട്ടുകളില്‍ കീര്‍ത്തിക്കപ്പെട്ടിട്ടുള്ള വീരയോദ്ധാവ് ഉപ്പാളന്‍ വര്‍ഗത്തില്‍ പെട്ട ഒരാളായിരുന്നു എന്നുള്ള വസ്തുത ഡോക്ടര്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. തച്ചോളി പാട്ടിമാര്‍ക്കും ഉപ്പാളന്‍മാര്‍ക്കും ആര്യവല്‍ക്കരണവേളയില്‍ നായര്‍ സമുദായത്തില്‍ വിലയിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നതനുസരിച്ച് പതിനൊന്നാം നൂറ്റാണ്ടില്‍ ചേര ചോള രാജാക്കന്മാര്‍ തമ്മില്‍ നുറു വര്ഷത്തിലധികം നീണ്ടു നിന്ന യുദ്ധത്തിനു ശേഷമാണ് ചേര നാട്ടില്‍ (കേരളത്തില്‍) ഓരോ വീട്ടിലും സര്‍പ്പക്കാവിനോടോപ്പം കളരിയും നിര്‍ബന്ധമാക്കിയത്. ചേകവര്‍ കുടുംബത്തില്‍പ്പെട്ട ആണ്‍ കുട്ടികള്‍ ഏഴു വയസ്സ് മുതല്‍ പതിനാറ് വയസ്സ് വരെ കളരി അഭ്യസിക്കണം. ശേഷം വേണ്ടി വന്നാല്‍ ചേരമാന്‍ പെരുമാളിന് വേണ്ടി യുദ്ധം ചെയ്യുകയും വേണം.

അങ്ക കളരിയും അങ്ക തട്ടും : രണ്ടു ചേകവന്‍മാര്‍ തമ്മില്‍ യുദ്ധം ചെയ്യാനുള്ള നാല് മുതല്‍ ആറു ഫീറ്റ് വരെ ഉയരമുള്ള ഒരു പ്ലാറ്റ്ഫോം ആണ് അങ്കത്തട്ട്. അങ്കം എന്നാല്‍ യുദ്ധം. ഏതെങ്കിലും ഒരു ഗ്രൌണ്ടിന്റെ ഒത്ത നടുക്കായിരിക്കും ഈ അങ്കത്തട്ട് ഉണ്ടാകുക. ഇതിനെ മൊത്തം അങ്ക കളരി എന്ന് പറയുന്നു.

നാട്ടു രാജാക്കന്മാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നതിന് അവര്‍ അങ്കം കുറിക്കുകയും ആ അങ്കത്തിനു ചേകവരെ നിയോഗിക്കുകയും ചെയ്തിരുന്നു. യുദ്ധത്തില്‍ ചേകവരില്‍ ഒരാള്‍ മരിച്ചു വീണാല്‍ ആ അങ്കം തീരും. ജീവിച്ചിരിക്കുന്ന മറ്റേ ചേകവനെ വിജയി ആയി പ്രഖ്യാപിക്കും ഒപ്പം അയാളുടെ രാജാവ് വിജയി ആവുകയും ചെയ്യും. അങ്ങിനെ ജയിച്ചു വരുന്നവര്‍ക്ക് രാജാവ് വലിയ സമ്മാനങ്ങള്‍ നല്‍കുക പതിവായിരുന്നു.

തമിഴ് സാഹിത്യ കൃതിയായ അകനാന്നൂറിലും Vers. 34, 231, 293 അത്പോലെ പുറനാന്നൂറിലും Vers 225, 237, 245, 356 ലും  കളരിയെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം ചേര ചോള പാണ്ട്യ  രാജക്കനമാരുടെ കളരി പാടവവും അതില്‍ പരാമര്‍ശിക്കുന്നു.

പോര്‍ ചേകവര്‍ക്ക് പോര്‍ ഒരു കളി എന്നൊരു പഴമൊഴി അക്കാലത്ത് നിലവിലിരുന്നുവത്രേ. 

(തുടരും.....)

തെയ്യവും തീയ്യരും -1

തീയ്യര്‍ എന്ന ജാതിയും തെയ്യം എന്ന അനുഷ്ഠാനപരമായ നാടന്‍കലയും അത്യുത്തര കേരളവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.

കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, വടകര, കൊയിലാണ്ടി തുടങ്ങിയ കോഴിക്കോട് ജില്ലയിലെ താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ കെട്ടിയാടിക്കുന്നത്.

മലബാര്‍ എന്ന പദത്തിന്റെ അര്‍ത്ഥം മലകളുടെ നാട് എന്നാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് മലബാര്‍.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കെ മലബാറിന്റെ അനുഷ്ഠാനപരമായ തനതു കലാരൂപമാണ്‌ തെയ്യം. .ആര്യ ബ്രാഹ്മണ സംസ്ക്കാരത്തില്‍ നിന്ന് ഭിന്നമായി ദ്രാവിഡ സംസ്ക്കാരത്തിലധിഷ്ടിതമായ അനുഷ്ഠാന ചര്യകളോടെ ദൈവപ്രീതിക്ക്‌ വേണ്ടി സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ബോധപൂര്‍വ്വം ബ്രാഹ്മണര്‍ മാറ്റി നിര്‍ത്തിയ അധസ്ഥിത സമുദായക്കാര്‍ കെട്ടിയാടുന്ന കലാരൂപമാണ് തെയ്യം.

ദൈവം എന്നതിന്റെ വാങ്ങ് മൊഴി രൂപമാണ് തെയ്യം എന്ന് പറയാം. അതി സങ്കീര്‍ണ്ണവും എന്നാല്‍ അതി മനോഹരവുമായ മുഖത്തെഴുത്തും അത് പോലെ കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തനിറത്തിലുള്ള ആടയാഭരണങ്ങള്‍ അണിഞ്ഞ് കൊണ്ട് ചെണ്ട, ചേങ്ങില, ഇലത്താളം,തകില്‍, കറും കുഴല്‍ തുടങ്ങിയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ലാസ്യ താണ്ഡവ നൃത്തം ചെയ്യുന്ന കലാരൂപമാണ്‌ തെയ്യം.  .

തെയ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം തീയ്യരെക്കുറിച്ച് പറയേണ്ടി വരും. തീയ്യരില്ലാത്ത ഒരു തെയ്യമോ? എന്ന ചോദ്യത്തില്‍ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു. അത് പോലെ ഏതു കാവിലെ തെയ്യമായാലും കലശം വെക്കാന്‍ തീയ്യന്‍ തന്നെ വേണം എന്ന വാക്കിലും എല്ലാമുള്‍ക്കൊള്ളുന്നുണ്ട്.  എന്നാല്‍ തീയ്യരെക്കാള്‍  ചില താഴ്ന്ന ജാതിക്കാര്‍ നടത്തുന്ന തെയ്യങ്ങളുടെ കലശം തീയ്യര്‍ വെക്കാറില്ല എന്നും അഭിപ്രായമുണ്ട്. 

തീയ്യര്‍ എന്ന് വടക്കെ മലബാറില്‍ (കോഴിക്കോട് വരെ) അറിയപ്പെടുന്ന ജാതി തെക്കേ മലബാറില്‍ ഈഴവനെന്നും തണ്ടാനെന്നും തിരുവിതാംകൂറിലും കൊച്ചിയിലും ഈഴവരെന്നും ചോവന്‍ എന്നും തമിഴ് സംസാരിക്കുന്ന തിരുനെല്‍വേലിയില്‍ ചാന്നാര്‍ എന്നും ദക്ഷിണ കാനറ ജില്ലയില്‍ ബില്ലവര്‍ എന്നും വടക്കന്‍ കാനറയില്‍ ഹാലെവൈക് എന്നും അറിയപ്പെടുന്നു. മറ്റ് ചിലയിടങ്ങളില്‍ ഇവര്‍ വേലന്‍ എന്നും ഉരുളി എന്ന് കൂടി അറിയപ്പെടുന്നു.

എന്നാല്‍ ഇത് അപ്പടി അംഗീകരിക്കാന്‍ ചിലരൊന്നും തയ്യാറല്ല, കാരണം ഈഴവര്‍ എന്നത് പ്രത്യേകം ഒരു ജാതിയാണെന്നും അതില്‍ തീയ്യരും ചോവരും ചാന്നാരും ഒക്കെ ഉപജാതികളാണ് എന്നും ഇവര്‍ കരുതുന്നു. അതെന്തായാലും എല്ലാവരും അങ്ങിനെ കരുതുന്നില്ല. പ്രത്യേകിച്ച് മലബാറിലെ തീയ്യര്‍ ഇത് അംഗീകരിക്കുന്നേയില്ല.  അവരെ സംബന്ധിച്ചിടത്തോളം തീയ്യര്‍ ഒരു പ്രത്യേക വിഭാഗം തന്നെയാണ്.  

മാത്രവുമല്ല സ്വാതന്ത്ര്യാനന്തര കേരളത്തില്‍ അമ്പതുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ രണ്ടു വര്ഷം മുന്നേ വരെയുള്ള കാലം കൊണ്ട് തീയ്യര്‍ എന്ന ജാതിയെ ഈഴവവല്ക്കരിക്കുകയും സര്‍ക്കാറിന്റെയും മറ്റ് ഔദ്യോഗിക രേഖകളിലും ഒക്കെ ഈഴവര്‍ എന്ന് മാത്രം രേഖപ്പെടുത്തുന്ന പ്രവണത ശക്തമാകുകയും ചെയ്തതിന്റെ ഫലമായി മാട്രിമോണിയയിലടക്കം തീയ്യര്‍ എന്ന് കൊടുത്താല്‍ ഈഴവന്‍ എന്ന് കാണിക്കുന്ന രീതി വരികയും ചെയ്തതിനെതിരെ മലബാറിലെ  തീയ്യര്‍ കടുത്ത പ്രതിഷേധത്തിലാണ്.

മലബാറിലെ തീയ്യരെ ഈഴവവല്ക്കരിച്ചു കൊണ്ട് എസ്.എന്‍.ഡി.പി. വളര്‍ത്താനുള്ള രാഷ്ട്രീയ ഗൂഡ നീക്കം ഇതിനു പിന്നിലുണ്ടോ എന്ന് സംശയിച്ചാല്‍ അത്തരക്കാരെ കുറ്റം പറയാന്‍ കഴിയില്ല.  കാരണം മലബാറിലെ തീയ്യരുടെ രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയം ആണ്. എസ്.എന്‍.ഡി.പി. രൂപീകരിച്ച്  ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മലബാറിലെ പലയിടങ്ങളിലും തങ്ങളുടെ യൂണിറ്റുകള്‍ പോലും രൂപികരിക്കാന്‍ കഴിയാത്തതില്‍ അവര്‍ക്ക് ശക്തമായ ഇച്ഛാഭംഗം ഉണ്ട്. മലബാറിന്റെ രാഷ്ടീയ സാംസ്ക്കാരിക പാരമ്പര്യം മനസ്സിലാക്കാതെ അവിടെ എസ്. എന്‍.ഡി.പി. യൂണിറ്റുകള്‍ രൂപികരിക്കാന്‍ ശ്രമിച്ചാല്‍ അത് വിജയിക്കില്ലല്ലോ?  അത് കൊണ്ട് തന്നെയാണ്  2013 ല്‍ എസ്. എന്‍.ഡി,പി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ട് ഫെബ്രുവരി രണ്ടിന് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ഈഴവ തീയ്യ മലബാര്‍ മഹാസമ്മേളനം  പരാജയപ്പെട്ടതും.

ഏ.ഡി. 1911 ല്‍ കേരളത്തിലെ ജനസംഖ്യയില്‍ ഒന്നാമത്തെ ജാതിക്കാര്‍ ഈഴവര്‍ അല്ലെങ്കില്‍ തീയ്യര്‍ ആണ്. 1911-ലെ സെന്‍സസ് പ്രകാരം മലബാറില്‍  6,69,608 പേരും കൊച്ചിയില്‍  1,85,466 പേരും തിരുവിതാകൂറില്‍ 4,91,774 പേരും ഉള്‍പ്പെടെ കേരളത്തില്‍ മൊത്തം ഈഴവരുടെ ജനസംഖ്യ  13,37,848 ആണ്. ഇത് കേരളത്തിലെ ആകെയുള്ള ജനസംഖ്യയില്‍ നൂറിനു ഇരുപതോളം ആയിരിക്കുന്നു. നായന്മാരും ക്രിസ്ത്യാനികളും കൂടെ നൂറിനു പതിനഞ്ചെ മുക്കാലോളമേയുള്ളൂ. എന്നാല്‍ തീയര്‍ക്ക് തങ്ങളുടെ ഈ ഉഗ്രമായ സംഖ്യക്ക് തക്കതായി പറയത്തക്ക മറ്റേതെങ്കിലും പ്രധാന്യം സാമുദായികമായി ഉണ്ടായിട്ടില്ലെന്ന് അവര്‍ ഓരോരുത്തരും അവരുടെ സമുദായ നേതാക്കള്‍ വിശേഷിച്ചും ഓര്‍ക്കെണ്ടാതാകുന്നു (മഹാകവി എന്‍. കുമാരനാശാന്‍ - വിവേകോദയം vol. VII No.7 1086)  

2001 ലെ സെന്‍സസ് പ്രകാരം കേരളീയ സമൂഹത്തിന്റെ 22.6% വരും ഈഴവര്‍ (നേരത്തെ പറഞ്ഞ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെട്ട ഈഴവര്‍). ഹിന്ദു സമൂഹത്തിന്റെയാകട്ടെ 40%വും. ചുരുക്കത്തില്‍ കേരളത്തിലെ ഏറ്റവും പ്രബലമായ ജാതിയാണ് ഇവര്‍ എന്ന് സാരം. ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യം ഉള്ളവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും എങ്കിലും വലതുപക്ഷ ചിന്താഗതി പേറി നടക്കുന്നവരും ഇതില്‍ കുറവല്ല !!

ഉത്തരേന്ത്യയില്‍ നിന്ന് ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ തെക്കേ ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ ആര്യ ബ്രാഹ്മണരെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടവരായ തദ്ദേശീയവാസികളില്‍പ്പെട്ടവരാണ് ബുദ്ധമത വിശ്വാസികളായ തീയ്യര്‍ എന്നാണു കരുതപ്പെടുന്നത്. അക്കാലത്ത് ബുദ്ധമതക്കാരായ നാട്ടുകാരുടെ അമ്പലങ്ങളും മറ്റും ആര്യ ബ്രാഹ്മണര്‍ നശിപ്പിക്കുകയും തങ്ങളുടെതാക്കുകയും ചെയ്തു.

ബുദ്ധമതക്കാരായ ഈഴവര്‍ തങ്ങളുടെ വിശ്വാസാചാരങ്ങള്‍ അടിയറ വെക്കാന്‍ തയ്യാറാവാത്തതിനാല്‍    ബ്രാഹ്മണര്‍ നടപ്പാക്കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അവര്‍ ശൂദ്ര ജാതിയായ നായരിലും താഴെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ മറ്റു ജാതികളുടെ കൂട്ടത്തില്‍ ഈഴവരെയും കണക്കാക്കിപ്പോന്നു. അക്കാലത്ത് ബ്രാഹ്മണാധിപത്യം നില നിന്നതിനാല്‍ ഈഴവര്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.  പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഉദ്ദേശം പതിനേഴാം നൂറ്റാണ്ടു വരെ ഇതായിരുന്നു ഈഴവരുടെ അവസ്ഥ. മലബാറില്‍ മാത്രമായിരുന്നു തീയ്യരുടെ ഈ അവസ്ഥയില്‍ ഒരു മാറ്റമുണ്ടായിരുന്നത്. കൊച്ചിയിലും തിരുവിതാകൂറിലും ഇവരുടെ അവസ്ഥ ദയനീയമായിരുന്നു.

തിരുവിതാംകൂറില്‍ ഇവര്‍ ഉയിര്ത്തെഴുന്നേറ്റത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുമായിരുന്നു. അതിനു നേതൃത്വം നല്‍കിയത് ശ്രീ നാരായണ ഗുരുവായിരുന്നു. അന്ന് ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള സമരവും കര്‍ഷക സമരവും സ്വാതന്ത്ര്യ സമരവുമൊക്കെയായി രൂപാന്തരം പ്രാപിച്ചു. ആ സമയത്താണ് ഈഴവര്‍ക്ക് അത് വരെ നിഷേധിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗമെല്ലാം കിട്ടി തുടങ്ങിയത്.

എന്നാല്‍ മലബാറില്‍ തീയ്യര്‍ക്ക് ഇത്രകണ്ട് ദുര്യോഗമുണ്ടായില്ല. അവര്‍ നേരിട്ട് ബ്രിട്ടീഷ് കാരുടെ  ഭരണത്തിന്‍ കീഴില്‍ മദ്രാസ് സംസ്ഥാനത്തിലായിരുന്നു.  അത് കൊണ്ട് തന്നെ നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും എല്ലാം അവര്‍ക്ക് ലഭിച്ചിരുന്നു.


ഏ.ഡി. ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ ഇന്നത്തെ കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളിലായി വാപിച്ചു കിടന്ന ഒരു തീയ്യ രാജവംശമാണ് ഇഴത്ത് മന്നനാര്‍ (IZATH MANNANAR). മൂത്തേടത്ത് അരമനക്കല്‍ കുടുംബത്തിന്റെ പേരാണ് മന്നനാര്‍ എന്നത്. ബുദ്ധമതമാണ്‌ ഇവര്‍ പിന്തുടര്‍ന്നിരുന്നത്. സ്ത്രീകള്‍ അമ്മച്ചിയാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

(തുടരും...)