തീയ്യര്‍
ശ്രീലങ്കയില്‍ നിന്ന് കേരളത്തിലേക്ക് വന്നപ്പോള്‍ കൊണ്ട് വന്നതാണ് തെങ്ങ് എന്നും
അതിനാലാണ് അതിലെ കള്ള് എടുക്കാനുള്ള അവകാശം അവര്‍ക്ക് പാരമ്പര്യമായി ലഭിച്ചതെന്നും
പറയപ്പെടുന്നു. കള്ള്, ചാരായം എന്നിവ ഇതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നു. കയര്‍,
കയറുല്പ്പന്നങ്ങള്‍ എന്നിവയും ആലപ്പുഴയിലെ തീയ്യരാണ് കൂടുതല്‍ ഉണ്ടാക്കുന്നത്.
കള്ള് വ്യവസായത്തിലും തീയ്യരാണ് മുന്‍പന്തിയില്‍. പ്രമുഖരായ അബ്കാരികള്‍ ഈ
സമുദായത്തിനുണ്ട്. നെയ്ത്ത് തൊഴിലിലും ഇവര്‍ വ്യാപകമായി ഏര്‍പ്പെട്ടിരുന്നു.
കണ്ണൂരിലെ ഹാന്‍ഡ് ലൂം തുണിത്തരങ്ങള്‍ വിശ്വ പ്രസിദ്ധമാണ്. ആലപ്പുഴയിലെ കയര്‍
മേഖലയിലെന്ന പോലെ കണ്ണൂരിലെ നെയ്ത്ത് രംഗത്തും സംഘടിത തൊഴിലാളി വര്‍ഗമാണ് ഇവര്‍.
മലബാറില്‍ ഇവര്‍ ബീഡി തെറുപ്പും നടത്താറുണ്ട്. സംഘടിത ശക്തിയാണ് ഇവരും എന്ന്
പ്രത്യേകം പറയേണ്ടതില്ലല്ലോ? കള്ള് ചെത്ത് തൊഴിലാളികളും കള്ള് ഷാപ്പിലെ
തൊഴിലാളികളും മറ്റൊരു സംഘടിത വിഭാഗമാണ്. എന്നാല്‍ ഈ മേഖലയാകെ ഇന്ന് തകര്‍ച്ചയുടെ
വക്കിലാണ്.
വൈദ്യരംഗത്ത്
പ്രമുഖരായ തീയ്യരെ ‘വൈദ്യര്‍’ എന്നാണു വിളിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ
‘ഹോര്‍ത്തുസ് മലബാറിക്കയില്‍’ പരാമര്‍ശിക്കപ്പെട്ട പ്രമുഖനായ തീയ്യ വൈദ്യരാണ്
ഇട്ടി അച്യുതന്‍. കോലെഴുത്തിലെഴുതിയ ഇട്ടി അച്യുതന്റെ വൈദ്യകൃതികള്‍ നിലവിലുണ്ട്.
തീയ്യരിലെ
അധ്യാപകര്‍ ആശാന്‍ എന്നും പണിക്കര്‍ എന്നും ഗുരുക്കള്‍ എന്നും അറിയപ്പെടുന്നു.
തീയ്യരുടെ
സംസ്ക്കാരത്തിലെക്ക് ഒന്നെത്തി നോക്കിയാല്‍ സമ്പന്നമായ സംസ്ക്കാരം നമുക്ക്
കാണാവുന്നതാണ്.
ഐവര്‍ കളി അഥവാ പാണ്ടവന്‍ കളി കേരളത്തിലെ പ്രമുഖ അമ്പലങ്ങളില്‍
നടത്തുന്നു.
അര്‍ജുന നൃത്തം അഥവാ മയില്‍പ്പീലി തൂക്കം കൊല്ലം, കോട്ടയം, ആലപ്പുഴ
ജില്ലകളിലെ ക്ഷേത്രങ്ങളില്‍ തീയ്യ ജാതിക്കാരായ ആണുങ്ങള്‍ നടത്തുന്ന അനുഷ്ഠാന
നൃത്തം. രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ നൃത്തം ഒറ്റയായും കൂട്ടായും
അവതരിപ്പിക്കുന്നു.
മകചൂട്ട്: തിരുവനന്തപുരത്ത് ഈഴവര്‍ നടത്തുന്നത്. എട്ട്
പേരടങ്ങുന്ന സംഘമാണ് ഇത് നടത്തുന്നത്. കളരിപ്പയറ്റും നാഗാരാധനയും ഇടകലര്‍ന്ന ഒരു
കലയാണിത്.
പരിചമുട്ടുകളി: മലപ്പുറം മുതല്‍ തെക്കോട്ടുള്ള തീയ്യര്‍ കളിക്കുന്ന
വാളും പരിചയും ഉപയോഗിച്ചുള്ള നാടന്‍ ആയോധന കലയാണ് (FOLK MARSHAL ART) പരിചമുട്ട്
കളി. മറ്റ് സമുദായങ്ങളും ക്രിസ്ത്യാനികളും ഇത് കളിക്കുന്നുണ്ട്.
പൂരക്കളി: മലബാറിലെ
ഭഗവതി കാവുകളില്‍ മീനത്തില്‍ (മാര്‍ച്ച്-ഏപ്രില്‍) തീയര്‍ നടത്തുന്ന ഒരു നാടോടി
നൃത്തമാണ് പൂരക്കളി. പതിനെട്ടു നിറങ്ങളിലായി ഒരു വിളക്കിനു ചുറ്റും നിന്ന്
കളിക്കുന്ന കളിയാണിത്. കളരിപ്പയറ്റില്‍ പരിശീലനം നേടിയവരും നൃത്തത്തില്‍ പരിശീലനം
ലഭിച്ചവരാണ് ഇത് കളിക്കുന്നത്.
തെയ്യം: തീയ്യരുടെ പ്രധാന തെയ്യങ്ങള്‍ വയനാട്ടു
കുലവന്‍, കതിവന്നൂര്‍ വീരന്‍, പൂമാരുതന്‍, മുത്തപ്പന്‍ മുതലായവയാണ്.
പഴയകാലത്ത്
തീയ്യര്‍ക്ക് നായരും മറ്റ് ശൂദ്രരുമായി തൊട്ടുകൂടായ്മ ഇല്ലായിരുന്നു. എന്നാല്‍
ഈഴവര്‍ക്ക് ഉണ്ടായിരുന്നു താനും. ഈഴവ സ്ത്രീകള്‍ നായര്‍ സ്ത്രീകളെ തമ്പുരാട്ടി
എന്ന് വിളിക്കുമ്പോള്‍ തീയ്യ സ്ത്രീകള്‍ അമ്മാളകന്‍ എന്നാണു വിളിച്ചിരുന്നത്.
ഇതില്‍ തുല്യത ഉണ്ടായിരുന്നു. തീയ
സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ ബഹുമാനത്തോടെ പറയുന്നത് തീയ്യന്ശന്‍
എന്നാണു. എന്റെ തീയ്യന്ശന്‍ വന്നു അല്ലെങ്കില്‍ എന്റെ തീയ്യന്‍ വന്നു എന്നൊക്കെ
പറയും. അണ്ടത്താന്‍ തീയ്യന്‍ എന്ന് പറഞ്ഞാല്‍ ഒന്നിനും വഴങ്ങാത്ത വിട്ടു വീഴ്ച
ചെയ്യാത്തവരെയാണ് പറയുന്നത്.
1860 ല്‍
ഒരു ക്രിസ്ത്യന്‍ മിഷനറിയുടെ ഭാര്യ എഴുതിയത് ഇങ്ങിനെയാണ് ഒരു നായര്‍ക്ക്
നമ്പൂതിരി ബ്രാഹ്മണനെ കാണാം. പക്ഷെ തൊടാന്‍ പറ്റില്ല. ചോവന്‍ (തിരുവിതാംകൂറില്
ഉള്ളവര്‍) 36 സ്റ്റെപ്പ് ദൂരെ നില്‍ക്കണം. പുലയന്‍ 96 സ്റ്റെപ്പ് ദൂരെ നില്‍ക്കണം. ചോവന്‍ നായരില്‍ നിന്ന് 12 സ്റ്റെപ്പും പുലയന്‍ 66 സ്റ്റെപ്പും ദൂരെ നില്‍ക്കണം.
പറയാന്‍ ഇതിലും കൂടുതല്‍ നില്‍ക്കണം.
സിംഹളം
(പഴയ സിലോണ്‍,ഇന്നത്തെ ശ്രീലങ്ക) എന്ന ദ്വീപില്‍ നിന്ന് വന്നവരാണ് തീയ്യര്‍ എന്നും
ദ്വീപര്‍ എന്നാണ് ഇതിന്റെ അര്‍ത്ഥമെന്നും പറയുന്നു. ഈഴം ദേശത്ത് നിന്ന് (സിലോണില്‍
നിന്ന്) വന്നവരാണ് ഈഴവര്‍ എന്നും പറയപ്പെടുന്നു. ചുരുക്കത്തില്‍ ഈഴം ദേശത്ത്
നിന്ന് വന്നവര്‍ ആയത് കൊണ്ട് ഈഴവരും ദ്വീപില്‍ നിന്ന് വന്ന ദ്വീപര്‍ ആയത് കൊണ്ട്
തീയ്യര്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടു എന്നാണ് കരുതുന്നത്.
വടക്കെ
മലബാറില്‍ തീയ്യര്‍ എട്ടില്ലക്കാരും മൂന്നു കരിയങ്ങളും ആയി തിരിഞ്ഞിരിക്കുന്നു. എട്ടില്ലക്കാര്‍ എന്നാണു അവര്‍ ഇപ്പോഴും
അറിയപ്പെടുന്നത്.
ഇല്ലങ്ങള്‍: നെല്ലിക്ക, പുല്ലാന്നി, വംഗേരി, കോഴിക്കാലന്‍,
പടയാന്‍ കുടി, മന്നാന്‍ കുടി , തേനന്‍ കുടി, വെളക്കന്‍ കുടി . ഈ ഇല്ലങ്ങള്‍ അവരുടെ ഗോത്രത്തിന്റെ അടിസ്ഥാന
സ്വഭാവത്തെയും കരിയങ്ങള്‍ ഗോത്രങ്ങളില്‍ നിന്നുല്‍ഭവിച്ച് കുടുംബസമൂഹമായി
വിഭജിക്കപ്പെട്ടതിന്റെ ചരിത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. വടക്കെ മലയാളത്തിലെ ഇല്ലങ്ങളും ക്കരിയങ്ങളും
പോലെ തന്നെ തുളു തീയ്യരുടെ ഇടയില്‍ തേനങ്കുടി
ഇല്ലം, നെല്ലിക്ക ഇല്ലം, കോഴിക്കാലത്തില്ലം മുതലായ എട്ടില്ലങ്ങള്‍ നടപ്പിലുണ്ട്.
തീയരുടെ
എട്ടില്ലവും അത് പോലെ തറവാടും പ്രശസ്തമാണ്. ഇല്ലം അഥവാ തറവാടിനോടനുബന്ധിച്ചു കുളം,
കാവ്, കളരി, തറ എന്നിവയൊക്കെ ഉണ്ടാകും.
ദാമോദരന്‍
കാവില്‍ തന്റെ ബ്ലോഗില്‍ “A view of
Thiyya Heritage” എന്നതില്‍ എന്താണ് പറഞ്ഞത് എന്ന് നമുക്ക് പരിശോധിക്കാം:
കരിങ്കടലിന്
അടുത്തുള്ള ആളുകള്‍ ബി.സി. എഴായിരത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി
കുടിയേറിപ്പാര്ത്തു എന്നും അവരില്‍ ഒരു വിഭാഗം മുന്‍പറഞ്ഞ സോവ്യറ്റ് യൂണിയനിലെ
കിര്‍ഗിസ്ഥാനിലും കുടിയേറിഎന്നും അങ്ങിനെ കുടിയേറിയവര്‍ Tian Mountain ലില്‍
ആയിരുന്നു എന്നും അവിടെയുള്ളവരാണ് പില്‍ക്കാലത്ത്
ഇന്ത്യയിലേക്ക് (മലബാറിലേക്ക്) കടന്നതെന്നും പറയുന്നു.
“ലങ്കാപര്‍വം” എന്ന ടി. ദാമുവിന്റെ മലയാളം പുസ്തകത്തില്‍
“മലബാറിലെ തീയ്യര്‍ കിര്‍ഗിസ്ഥാനിലെ ആദിമ
ജനതയുടെ പിന്തുടര്‍ച്ചക്കാരാണ്” എന്നാണു പറയുന്നത്. ഒപ്പം തീയ്യന്‍ എന്ന പേര് വന്നത് കിര്‍ഗിസ്ഥാനിന്റെ
കിഴക്ക് ഭാഗത്തെ Tian മലയില്‍ നിന്ന് വന്നത് കൊണ്ടാണെന്നും പഞ്ചാബിലെ സൈക്കോന്‍ വിഭാഗവും
രാജസ്ഥാനിലെ സൈകൊവര്‍ വിഭാഗവും ഇവരുടെ കൂട്ടത്തില്‍ കുടിയേറിയവരാണ് എന്ന്
പറയുന്നു.
തീയ്യര്‍
അതി പുരാതന ഗോത്രവിഭാഗമാണെന്നും അവരുടെ സ്വയം ഭരണ സംവിധാനം വളരെ കെട്ടുറപ്പുള്ളതും
അനുകരണീയവുമായിരുന്നു.
ഇല്ലം
അഥവാ ഗോത്രം ആണ് ഭരണം നടത്തുന്നത്. ഇല്ലം, കുളം, കാവ് (മുണ്ട്യ) എന്നിവയാണ്
ഇതിന്റെ നട്ടെല്ല്. മുന്ന് തട്ടുകളിലായിട്ടാണ് ഭരണം നടക്കുന്നത്.
തറ:
ഏറ്റവും താഴെ തട്ടിലുള്ള തറയാണ് ഏറ്റവും ചെറിയ ഭരണ സമിതി. ഓരോ തറക്കും ഒരു സര്‍പ്പക്കാവ്
(മുണ്ട്യയെങ്കിലും) നിര്‍ബന്ധമായും ഉണ്ടായിരിക്കും. തറ എന്ന് പറഞ്ഞാല്‍ ചെറിയ ഒരു
ഗ്രാമമാണ്. അതില്‍ ഒരു തണ്ടാനും, ജ്യോത്സനും, അലക്കുകാരനും, സ്വര്‍ണ്ണപണിക്കാരനും
അത് പോലെ പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളും ഉണ്ടാകും. കുറെ തറകള്‍ ചേര്‍ന്നതാണ്
ദേശം. ഇല്ലം എന്നത് പിതാവിന്റെ കുടുംബവും കുലം എന്നത് മാതാവിന്റെ കുടുംബവുമാണ്.
കഴകം:
നാല് തറകള്‍ കൂടി ചേര്‍ന്നത് കഴകം. ജീവിത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത്
ഇവരാണ്. ഇവര്‍ക്ക് സാധിക്കാത്തത് 22 തറകള്‍ ചേര്‍ന്ന വലിയ കഴകത്തിലെക്ക് വിടുന്നു. എന്നാല്‍
എല്ലാ തറകള്‍ക്കും ബാധകമായ പൊതു തീരുമാനം എടുക്കുന്നത് 64 തറകള്‍
ചേര്‍ന്ന പെരുംകഴകമാണ്. പാവനമായ
കാടുകളുമായി ബന്ധപ്പെടുത്തിയുള്ളതാണ് കഴകവും മുണ്ട്യയും. ഇന്നത് ഒറ്റ മരത്തിന്‍
കീഴിലോ കോണ്ക്രീറ്റ് കെട്ടിടത്തിനു കീഴിലോ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
‘രാമവില്യം
കഴക’ത്തെക്കുറിച്ചുള്ള
പഠനം നമുക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കും. ഓരോ കഴകത്തിനും അതിന്റെ കീഴില്‍
ആരാധാനകേന്ദ്രമായി ഒരു മുണ്ട്യ അല്ലെങ്കില്‍ സ്ഥാനം ഉണ്ടാകും. പാവനമായി കരുതുന്ന
കാടിന്നിടയിലായിരിക്കും ഇത്. അര എന്നും മുണ്ട്യ എന്നും ഇത് അറിയപ്പെടുന്നു.
ഇത് ആ ഗ്രാമത്തിലെ മുഴുവന്‍ തീയ്യ സമുദായവും ഉള്‍പ്പെടുന്നതാണ്. മുണ്ട്യകളില്‍ ദേവന്മാരും ദേവതകളും
ആരാധിക്കപ്പെടുന്നു.
ഉദാഹരണമായി ‘രാമവില്യം കഴകം’ എടുത്താല്‍ അവിടെ അഞ്ചു പ്രാദേശിക മുണ്ട്യകള്‍ ഇതിന്റെ
കീഴില്‍ വരും. ഒളവര മുണ്ട്യ, കൂലെരി
മുണ്ട്യ, കുരുവാപ്പള്ളി മുണ്ട്യ, തടിയന്‍ കൊവ്വല്‍ മുണ്ട്യ, പടന്ന മുണ്ട്യ . ഇതില്‍
ഒളവര മുണ്ട്യ ശക്തമായ കാടോട് കൂടിയ സര്‍പ്പകാവ് ഇപ്പോഴും സംരക്ഷിച്ചു പോരുന്നു.
മറ്റെല്ലാ കാവുകളിലും പ്രാദേശിക മൂര്‍ത്തികള്‍ തെയ്യത്തിന്റെ രൂപത്തില്‍
ആരാധിക്കപ്പെടുന്നു. ഈ കൂട്ടത്തില്‍ വിഷ്ണു മൂര്‍ത്തിയാണ് പൊതുവായി
ആരാധിക്കപ്പെടുന്നത്. തീയ്യരുടെ കഴകമായ ‘രാമവില്യം കഴകം’ പരശുരാമാനുമായി ബന്ധപ്പെട്ടതാണ് എന്നാണു ഇതിഹാസം.
ഇവിടുത്തെ
പ്രധാന പ്രതിഷ്ഠ ആചാര പ്രകാരം പരശുരാമന്‍ തന്നെ പ്രതിഷ്ടിച്ചു എന്നാണ്
വിശ്വസിക്കുന്നത്. അത് കൊണ്ടു കൂടിയാണ് രാമവില്യം കഴകം പ്രസിദ്ധിയാര്‍ജ്ജിച്ചത്
എന്ന് കരുതപ്പെടുന്നു. അങ്ങിനെയാണ് ഈ കഴകം പരശുരാമ കഥയിലും ആര്യദ്രാവിഡ
പാരമ്പര്യത്തിലും പുരാണങ്ങളിലും പരാമര്‍ശിക്കപ്പെടുന്നത്.
രാമ വില്യം കഴകം മറ്റൊന്ന് കൂടി സാക്ഷ്യപ്പെടുത്തുന്നു. തീയ്യ സംസ്ക്കാരം
അമ്പലങ്ങളില്‍ നിന്ന് എങ്ങിനെ വിത്യസ്തമായിരിക്കുന്നു, അതിന്റെ ഭരണാധികാരികളും
പുരോഹിതരും തീയ്യ സമുദായക്കാരാണ്. എന്നാല്‍ ആരാധന ഇപ്പോള്‍ അമ്പലം കേന്ദ്രീകരിച്ചു
മാറ്റപ്പെട്ടു.
പുരാതന
കോടതി – കാവിനു മുന്നില്‍
തെറ്റ് ചെയ്തവരെ ഹാജരാക്കും. തെറ്റ് ചെയ്തവരില്‍ നിന്ന് ഈടാക്കുന്ന വസ്തു ആരോടു
തെറ്റ് ചെയ്തുവോ അയാള്‍ക്ക് കൊടുക്കും. ചുരുക്കം ചിലപ്പോള്‍ തെറ്റ് ചെയ്യുന്നവര്‍ക്ക്
ഊര് വിളക്കുകള്‍ ഏര്‍പ്പെടുത്തും. അങ്ങിനെ വന്നാല്‍ ഗ്രാമത്തിലെ ഒരു പൊതുപരിപാതിയിലും
അയാള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുകയില്ല. കുടുംബങ്ങളും ഗ്രാമവാസികളും തമ്മിലുള്ള
പ്രശ്നങ്ങളും കാവിന്റെ മുന്നില്‍ വരും.
കേരളോല്‍പ്പത്തിയില്‍
വിവരിക്കുന്ന നാഗാരാധകരായ വംശജരാണ് ആദിമകാലത്തെ തീയ്യര്‍. മുകളില്‍ പറഞ്ഞ അവരുടെ
സാമൂഹ്യ ഭരണ രീതിയാണ് തറയും കഴകവും പെരുംകഴകവും മറ്റും. പില്‍ക്കാലത്ത് ഈ രീതി
പിന്തുടര്‍ന്നാണ് കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചത്.
തീയ്യരുടെ
ഓരോ തറക്കും (തറവാടിനും) ചുരുങ്ങിയത് ഓരോ സര്‍പ്പക്കാവ് (മുണ്ട്യ) ഉണ്ടായിരുന്നു.
ഇങ്ങിനെയുള്ള 4 തറകള്‍
ചേര്‍ന്നാണ് കഴകവും 22 രണ്ടു തറകള്‍ ചേര്‍ന്ന് അതിലും വലിയ
കഴകവും 64 തറകള്‍
ചേര്‍ന്ന് പെരുംകഴകവും ഉണ്ടായത്. അങ്ങിനെ
വരുമ്പോള്‍ സര്‍പ്പകാവുകളുടെ ഒരു ശൃംഗല (net work) യാണ്
മലബാറിലെ നാഗാരാധകരായ തീയ്യര്‍ക്കുള്ളത്. സര്‍പ്പ ദോഷത്തിനു പേര് കേട്ടതാണ്
പാമ്പിന്മേല്‍ കാവ് ബ്രാഹ്മണര്‍ക്ക് ഈ ദോഷം പരിഹരിക്കുന്നതില്‍ പരിമിതികളുണ്ട്.
എന്നാല്‍ തീയ്യര്‍ക്ക് ബ്രാഹ്മണരെക്കാള്‍ പ്രാധാന്യം ഇതിലുണ്ട്. പെരളശ്ശേരിയിലെ
തീയ്യരുടെ ‘ഗുരുക്കന്മാര്‍ കാവില്‍’ സര്‍പ്പബലി നടത്തുന്നത് തീയ്യ
കോമരമാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഉത്തര മലബാറിലെ തീയ്യ
സമുദായം ആദിമ കാലം മുതലേ ഉണ്ടായ നാഗാരാധകരുടെ പിന്തുടര്‍ച്ചക്കാരാണ് എന്നാണു.
അപ്പോള്‍
പരശുരാമന്‍ കൊണ്ടുവന്നു എന്ന് പറയുന്ന യഥാര്‍ത്ഥ ബ്രാഹ്മണന്‍മാര്‍ ചിലപ്പോള്‍
തീയ്യരായിരിക്കുമോ .....??? അല്ല അങ്ങിനെയും സംശയിക്കാമല്ലോ??
തീയ്യരിലെ
പടയാളികള്‍ ചേകവരെന്നുംപുരോഹിതര്‍ കുറുപ്പ് എന്നും കളരിപരിശീലിപ്പിക്കുന്നവര്‍
പണിക്കര്‍ എന്നും അദ്ധ്യാപകന്‍ ആശാന്‍ എന്നും ഡോക്ടര്‍മാര്‍ വൈദ്യന്‍ എന്നും
ജ്യോതിഷം കൈകാര്യം ചെയ്യുന്നവര്‍ ജ്യോത്സന്‍ എന്നും അറിയപ്പെട്ടു. അരയില്‍ സ്വര്‍ണ്ണ
കത്തി ധരിക്കാന്‍ പറ്റുന്നവനാണ് തലവനായ തണ്ടാന്‍. ഇവരുടെ സഹായി പൊനമ്പന്‍ എന്ന
പേരില്‍ അറിയപ്പെട്ടു. 31 മുതല്‍ 61 വരെ എണ്ണത്തിലുള്ള പ്രായമായ ആളുകള്‍ ആണ് കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത്.
(തുടരും.....)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ