muthappan

muthappan
മുത്തപ്പന്‍

2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച

തെയ്യവും തീയ്യനും - 10

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ നമ്മളെ ഭരിച്ചിരുന്ന ബ്രിട്ടീഷ്കാര്‍ മലബാറിനെ അക്കാലഘട്ടം തൊട്ടു ആദ്യം ബോംബെയിലും, പിന്നീട് തങ്ങളുടെ സംസ്ഥാനമായ മദ്രാസ് സംസ്ഥാനത്തിന്റെ കീഴില്‍ ആയിരുന്നു ഭരിച്ചിരുന്നത്. എന്നാല്‍ തിരുവിതാംകൂറും കൊച്ചിയും അവരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ വരാതെ രാജ ഭരണത്തിന്‍ കീഴിലായിരുന്നു.  ഇതുകാരണം  ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ ലഭിക്കുന്ന ഉദ്യോഗങ്ങളില്‍ എല്ലാം മലബാറുകാര്‍ ഒന്നാമരായി. അന്നത്തെ മദ്രാസ്  സംസ്ഥാനം ആന്ധ്ര വരെ ഉണ്ടായിരുന്നു.  സ്വാന്തന്ത്ര്യം ലഭിച്ച് ബ്രിട്ടീഷ്കാര്‍ പോയിട്ടും കാലം ഇത്രയേറെ പിന്നിട്ടിട്ടും ഇന്നും മലയാളികളെയും ഒപ്പം തമിഴരെയും, തെലുങ്കരെയും, കന്നഡക്കാരെയും ഉത്തരേന്ത്യയിലുള്ളവര്‍ ഇന്നും വിളിക്കുന്നത്‌ മദ്രാസി എന്നാണു. ഇങ്ങിനെ വിളിക്കപ്പെടാനുള്ള ചരിത്രപരമായ കാരണമാണ് മുകളില്‍ കൊടുത്തത്.   ഇതിനു സമാനമായി അറബ് നാടുകളില്‍ മലയാളികളെ മലബാറി എന്ന് വിളിക്കുന്നത്‌ കാണാം.  കാരണം പണ്ട് തൊട്ടേ അവര്‍ നമ്മളുമായി കച്ചവടത്തിലും മറ്റും ഏര്‍പ്പെട്ടത് മലബാറിലായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ക്ക് മലയാളികള്‍ എന്നാല്‍ മലബാറികള്‍ ആണ്.

മദ്രാസി, എന്നും മലബാറി എന്നും വിളിക്കപ്പെടുമ്പോള്‍ പലരും അസഹിഷ്ണുത കാണിക്കുന്നത് കാണാം. ഹേയ് നമ്മള്‍ മദ്രാസി അല്ല, മലയാളി ആണ്, നമ്മള്‍ മലബാറി അല്ലെ മലയാളി ആണ് എന്നൊക്കെ പറയുന്നതും കാണാം.      യഥാര്‍ത്ഥത്തില്‍ നമുക്ക് അത്തരം ഒരു അസഹിഷ്ണുത തോന്നേണ്ട ആവശ്യമില്ല. തോന്നുന്നത് മലബാറുകാര്‍ക്ക് അല്ല തിരുവിതാംകൂര്‍കാര്‍ക്കാണ്.  അവരാണ് ഇതിനെതിരെ പ്രതികരിക്കുന്നത് അത് കണ്ടു അവരോടൊപ്പം ചരിത്രബോധമുള്‍ക്കൊള്ളാതെ നാമും പങ്കാളിയാവുന്നു എന്ന് മാത്രം!!

വടക്കന്‍ മലബാറില്‍ പണ്ട് കാലത്ത് മരുമക്കത്തായ സമ്പ്രദായം ആണ് നില നിന്നിരുന്നത്. അമ്മ വഴിയായിരുന്നു (തായ് വഴി) എല്ലാം കണക്കാക്കിയിരുന്നത്.   സ്ത്രീധനം എന്ന സമ്പ്രദായം തീയ്യ സമൂഹത്തില്‍ അന്ന് ഉണ്ടായിരുന്നില്ല.  സ്ത്രീധനം വാങ്ങാത്ത ഒരു സമുദായമാണ്  മലബാറിലെ തീയ്യ സമുദായം.  കാല ക്രമേണ ഇതിലും പുഴുക്കുത്ത് വന്നു തുടങ്ങി എന്നാണു ചിലര്‍ പറയുന്നത്. എങ്കിലും ഇപ്പോഴും വലിയ തോതില്‍ സ്ത്രീധന സമ്പ്രദായത്തിന് എതിരാണ് ഈ സമൂഹം. സ്ത്രീ തന്നെ ഒരു വലിയ ധനമാണ് എന്ന് തീയ്യര്‍ കരുതുന്നു.   പുതു തലമുറയും ഈ പാരമ്പര്യം പിന്തുടരുമെന്നു പ്രത്യാശിക്കാം !!

നാഗാരാധകരുടെ പിന്തുടര്‍ച്ചക്കാരായ  തീയ്യര്‍ ബുദ്ധമതാനുയായികള്‍ കൂടി ആയിരുന്നു എന്ന് പറഞ്ഞുവല്ലോ?  അത് കൊണ്ട് തന്നെ ബൌദ്ധ പാരമ്പര്യം ഇന്നും തീയ്യരുടെ സിരകളില്‍ ഉണ്ട്.  പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര (ക്ഷേത്രം എന്നും ഇപ്പോള്‍ ആളുകള്‍ വിളിക്കാറുണ്ട്). അവിടെ വരുന്നവര്‍ക്ക് മടപ്പുര വകയായി പ്രസാദവും ചായയും ഉച്ചയൂണും, അത്താഴവും പിന്നെ കിടക്കാന്‍ പായയും നല്‍കുന്ന പതിവ് ഇപ്പോഴും തുടരുന്നു. കേരളത്തില്‍ മറ്റൊരു ദേവ സ്ഥലത്തും ഇത്തരം ഒരു ആചാരം നിലവിലില്ല.   മാത്രമല്ല ജാതി മത ഭേദമെന്യേ ഇവിടെ ആര്‍ക്കും ദര്‍ശനം നടത്താവുന്നതാണ്.  

ഇവിടെയുണ്ടായിരുന്ന 'മടയന്മാര്‍' പറശ്ശിനിക്കടവിന്റെ സമഗ്ര വികസനത്തിനായി കയ്യയച്ചു സഹായിച്ചവരായിരുന്നു. പറശ്ശിനിക്കടവില്‍ നിന്ന് ധര്‍മ്മശാല വരെയുള്ള റോഡ്‌, സ്കൂള്‍, പോസ്റ്റ്‌ ഓഫീസ്, ബോട്ട് സര്‍വീസ്, ബസ് സര്‍വീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മടപ്പുരയില്‍ ഉച്ചയൂണ് തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്ത ഈ തീയ്യ പ്രമാണിമാര്‍ തന്നെയാണ് ഇടതുപക്ഷ് നേതാക്കളെ അവരുടെ ഒളിവുജീവിതകാലത്ത് നെഞ്ചേറ്റിയതും.  അവരില്‍ പ്രമുഖരാണ് ഏ.കെ.ജിയും ഇ.എം.എസും.  വര്‍ഷത്തില്‍ (ഒന്നോ രണ്ടോ ദിവസങ്ങള്‍ ഒഴിച്ചും മടപ്പുരയിലെ ആരെങ്കിലും മരിച്ചാല്‍ അത് ഒഴിച്ചും) എല്ലാ ദിവസവും കെട്ടിയാടുന്ന മുത്തപ്പന്‍ തെയ്യം കാണാന്‍ ഇന്നും ഭക്ത ജന തിരക്കാണ്. സാധാരണക്കാരുടെ ദൈവമായ മുത്തപ്പനെ കമ്യൂണിസ്റ്റ്‌ ദൈവം എന്നും ആളുകള്‍ വിളിക്കാറുണ്ട്.

പറശ്ശിനി മടപ്പുരയിലെക്ക് പണ്ട് ആളുകള്‍ നടന്നിട്ടായിരുന്നു വന്നിരുന്നത്. അക്കാലത്ത് വഴിയാത്രക്കാര്‍ക്ക് ദാഹം തീര്‍ക്കാന്‍ വേണ്ടി ധര്‍മ്മശാലകള്‍ ഉണ്ടായിരുന്നു. അവിടെ അവര്‍ക്ക് അല്‍പ്പം വിശ്രമിക്കാം ഒപ്പം സംഭാരം (മോരും വെള്ളം) ലഭിക്കുകയും ചെയ്യും. ദാഹം തീര്‍ത്ത് വിശ്രമിച്ചു വീണ്ടും യാത്ര തുടരാം.... ഇന്നും പറശ്ശിനിക്കടവിലെക്ക് പോകുമ്പോള്‍ ധര്‍മ്മശാല കഴിഞ്ഞാണ് പോകേണ്ടത്. ഈ അടുത്ത കാലം വരെ മോരും വെള്ളം നല്‍കുന്ന സമ്പ്രദായം ഇവിടെ നിലവില്‍ ഉണ്ട്. വിശ്രമ കേന്ദ്രം ഇപ്പോഴും അവിടെ ഉണ്ട്. ആളുകള്‍ ഇപ്പോള്‍ കൂടുതലായി ബസ്സിലും കാറിലും യാത്ര ആയതോട്‌ കൂടി ഒപ്പം ധാരാളം ഹോട്ടലുകള്‍ വഴി നീളെ ഉണ്ടായത് കാരണവും ഇതിന്റെ പ്രസക്തി പഴയ പോലെയില്ല.

ബുദ്ധം ശരണം ഗച്ചാമി, സംഘം ശരണം ഗച്ചാമി എന്ന ബുദ്ധമത പാരമ്പര്യം നില നില്‍ക്കുന്ന സ്ഥലമാണ്  ഒരു കാലത്ത് ബുദ്ധ വിഹാരമായ ഇന്നത്തെ ശബരിമല സന്നിധാനം. അത് കൊണ്ട് തന്നെയാണ് മറ്റെവിടെയും ഇല്ലാത്ത ശരണം വിളിയുമായി ഇവിടേക്ക് ഭക്തര്‍ പോകുന്നത്.  സ്വാമി ശരണം !! സ്വാമിയെ ശരണമയ്യപ്പോ !! എന്നുള്ള വാക്കുകള്‍ ശ്രദ്ധിക്കുക. 

ദ്രാവിഡ ഗോത്രാചാരം പിന്തുടര്‍ന്നിരുന്ന നാഗാരാധകാരായ ഒരു ഗോത്രം പില്‍ക്കാലത്ത്     മഹത്തായ ബുദ്ധമതം സ്വീകരിക്കുകയും ആര്യ ബ്രാഹ്മണ അധിനിവേശത്തിനെതിരെ ചെറുത്ത് നിന്ന് പരാജയപ്പെടുകയും ചെയ്തിട്ടും തങ്ങളുടെ  പാരമ്പര്യം മുറുകെ പിടിച്ച് മുന്നോട്ടു പോയവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ തീയ്യര്‍. പ്രത്യേകിച്ച് മലബാറിലെ തീയ്യര്‍ എന്ന് നമുക്ക് നിസ്സംശയം പറയാം. 

തെയ്യവും തീയ്യനും - 9

ടിപ്പുവിന്റെ പടയോട്ട കാലത്ത് മലബാറിലെ തീയ്യരില്‍ ഒരു വിഭാഗത്തെ  ഇസ്ലാമിലേക്ക് നിര്‍ബന്ധ മതപരിവര്‍ത്തനം ചെയ്യുകയും തിരുവിതാംകൂറിലെ ഈഴവര്‍ തങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു ക്രിസ്തുമതത്തിലേക്ക് മാറുകയും ചെയ്തപ്പോള്‍ അങ്ങിനെ മതം മാറപ്പെട്ട ആളുകളെ വിളിക്കുന്ന പേരാണ് മാപ്പിള എന്നുള്ള തിരുവിതാംകൂറിലെ ഈഴവരുടെ വിലയിരുത്തല്‍ അര്‍ദ്ധസത്യം നിറഞ്ഞതാണ്‌.

കാരണം ഈ രൂപത്തിലുള്ള മതപരിവര്‍ത്തനം ഉണ്ടായി എന്നുള്ളത് സത്യമാണ് എങ്കിലും അങ്ങിനെ മത പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ എല്ലാവരും മാപ്പിള എന്ന പേരില്‍ അല്ല അറിയപ്പെടുന്നത്.  മലബാറില്‍ മാപ്പിളമാര്‍ (മുസ്ലിംങ്ങളും) ആ രൂപത്തില്‍ അറിയപ്പെട്ടിരുന്നു.  

ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവരും മുസ്ലിങ്ങളും പറയുന്നത് തങ്ങളുടെ അപ്പനപ്പൂന്മാരുടെ ചരിത്രം നമ്പൂതിരിമാരില്‍ നിന്ന് മാര്‍ഗ്ഗം കൂടിയതാണ് എന്നാണു. അതില്‍ ഒരാളും പറയില്ല തങ്ങള്‍ ഈഴവരില്‍ നിന്നോ ഹരിജനങ്ങളില്‍ നിന്നോ മതം മാറിയവര്‍ ആണെന്ന്.  ഇതില്‍ എത്ര കണ്ടു വാസ്തവമുണ്ടായിരുന്നാലും.

ഇന്നും മതം മാറിയ  വിഭാഗങ്ങള്‍ക്ക് അവര്‍ എത്തിപ്പെട്ട മതത്തില്‍ നിന്ന് മാന്യമായി കല്യാണം കഴിക്കാനോ അംഗീകാരം ലഭിക്കാനോ കഴിയുന്നില്ല. അവര്‍  ഇന്നും അവശര്‍ തന്നെയാണ്.  അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സംവരണാനുകൂല്യങ്ങള്‍ മതം മാറുന്നതതോടെ ഇല്ലാതാകുകയും ചെയ്യും. അത് ലഭിക്കുന്നതിനു വേണ്ടി തങ്ങളെ അവശ ക്രൈസ്തവരായി കണക്കാക്കി സംവരണം ലഭിക്കുന്നതിനു വേണ്ടി അവര്‍ സമരം ചെയ്യുകയാണ്. ഇതാണ് മതം മാറിയവരുടെ അവസ്ഥ. അല്ലാതെ മതം മാറിയവരെ മുഴുവന്‍ അവര്‍ മാപ്പിളമാര്‍ എന്ന് വിളിച്ചു അവരെ എല്ലാ കാര്യങ്ങളിലും പങ്കെടുപ്പിക്കുന്നില്ല. ഈ വാദഗതിയുടെ പൊള്ളത്തരം കാണിച്ചു തരുവാന്‍ ഇത്രയും പറഞ്ഞുവെന്നെയുള്ളൂ.

ഇന്ത്യാചരിത്രവും, കേരള ചരിത്രവും ഈഴവ തീയ്യ ചരിത്രവും പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നത് ഈഴവരും തീയ്യരും കേരളത്തിലെ ദ്രാവിഡ വംശജരായ ഒരു ആദിമ ഗോത്രവംശജര്‍ ആണെന്നും ഇവര്‍ ബുദ്ധമതാനുയായികള്‍ ആയിരുന്നു  എന്നും ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ടിനു മുന്നേ തന്നെ ഇവര്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ്.  എന്നാല്‍ ആര്യന്മാര്‍ കേരളത്തിലേക്ക് കുടിയേറി തങ്ങളുടെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നത് ക്രിസ്തുവിനു ശേഷം ഏഴു എട്ട് നൂറ്റാണ്ടുകളില്‍ ആണെന്നും കാണാം.  അതിനു ശേഷമാണ് കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉടലെടുത്തതും അയിത്തം പോലുള്ള മറ്റ് അനാചാരങ്ങള്‍ ഉണ്ടായതും.

അങ്ങിനെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉണ്ടായപ്പോള്‍  തദ്ദേശീയരായ ഈഴവരെയും തീയ്യരെയും ഇക്കൂട്ടര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ശൂദ്രരായി അവര്‍ കണക്കാക്കിയിരുന്ന നായരിലും താഴെയായി തൊട്ടുകൂടാത്തവരുടെ കൂട്ടത്തിലാണ് കണ്ടത്. ഇതിനു കാരണമായി പറയുന്നത് ഇവര്‍ തങ്ങളുടെ ബുദ്ധമതാചാരം വെടിയാന്‍ തയ്യാറാവാത്തതും മറ്റും ആണ്.

എന്തായാലും ബ്രാഹ്മണ മേധാവിത്വം സ്ഥാപിച്ച ആ സംസ്ക്കാരത്തെയാണ് ചിലര്‍ ഇന്ന് അറിഞ്ഞോ അറിയാതെയോ  ആര്‍ഷ ഭാരത സംസ്ക്കാരം എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്‌. അങ്ങിനെ വരുമ്പോള്‍ ആ സംസ്ക്കാരം ഇവിടെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഈഴവ, തീയ്യ, നായര്‍ ജാതികളുടെ സ്ഥാനം ആ സംസ്ക്കാരത്തില്‍ എവിടെയായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ജന്മം കൊണ്ടല്ല ഒരുവന്‍ കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണനും ചണ്ഡാളനും ആവുന്നത് എന്ന് വാദത്തിനു വേണ്ടി പറയാമെന്നല്ലാതെ ഇവിടെ എല്ലാം ജന്മം കൊണ്ട് തന്നെയാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത് എന്നാണ് നമ്മുടെയൊക്കെ അനുഭവം.  അത് കൊണ്ട് തന്നെ വര്‍ണ്ണ വ്യവസ്ഥയെ തമസ്ക്കരിക്കാന്‍ നമുക്കാവില്ല.  ഇപ്പോഴും കര്‍മ്മം കൊണ്ട് ആരെയും ബ്രാഹ്മണനാക്കി ഉയര്‍ത്തിയതോ, അംഗീകരിച്ചതോ ആയ ചരിത്രം നമ്മുടെ മുന്നിലില്ല.  ഒരുവന്‍ ഏതു ജാതിയില്‍ ജനിക്കുന്നുവോ അവന്‍ ആ ജാതിക്കാരനായിട്ട് തന്നെയാണ് മരണ ശേഷം പോലും അറിയപ്പെടുന്നത്.  അല്ലാതെ അവന്റെ കര്‍മ്മം നോക്കി അവനെ മറ്റ് ജാതിയായി ആരും അംഗീകരിക്കാറില്ല എന്നതാണ് വസ്തുത.

ശ്രീനാരായണ ഗുരു എത്ര മഹാനെന്ന് നാം പറഞ്ഞാലും അദ്ദേഹം ഒരു ഈഴവനെന്നെ ഇന്നും അറിയപ്പെടുന്നുള്ളൂ.  ഇത് പോലെത്തന്നെയാണ് വാഗ്ഭടാനന്ദ സ്വാമികളും അദ്ദേഹം ഇന്നും തീയ്യന്‍ എന്നെ അറിയപ്പെടുന്നുള്ളൂ. അത് കൊണ്ട് ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരുവന്‍ ബ്രാഹ്മണനും ചണ്ഡാളനും ആവുന്നത് എന്ന വാദത്തില്‍ കഴമ്പില്ല എന്ന് സാരം.

ഇതിനാല്‍,  ആര്‍ഷ ഭാരത സംസ്ക്കാരം കെട്ടിപ്പടുക്കണം എന്ന് പറഞ്ഞു കൊണ്ട് അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ അംഗമായി അതിന്നായി അക്ഷീണം പ്രവര്‍ത്തിക്കുന്നവര്‍ ആദ്യം ചിന്തിക്കേണ്ടത് തങ്ങള്‍ ആരാണ് എന്തും ആരായിരുന്നു എന്നും ആണ്. അപ്പോള്‍ അവര്‍ക്ക് അതിനുള്ള ഉത്തരം സ്വയം ലഭിക്കും. 

ഇത് നേരത്തെ മറ്റുള്ളവര്‍ ക്ഷേത്രാരാധന നടത്തുന്നത് കണ്ട് നമുക്കും അത് പോലെ വേണം എന്ന് കരുതി തങ്ങളുടെ വിശ്വാസചാരങ്ങളെ വേണ്ടന്നു വെച്ച് അതിനു പിന്നാലെ പോകുന്നവരെ പോലെ തന്നെയാണ്. ആര്‍ഷ ഭാരത സംസ്ക്കാരം കെട്ടിപ്പടുക്കാന്‍ വേണ്ടി തങ്ങളുടെ പാരമ്പര്യം മനസ്സിലാക്കാതെ അത്തരമൊരു സംസ്ക്കാരത്തില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും എന്നറിയാതെ  അതിനു പിറകെ പോകുന്നത്.  വിളക്കിനു നേരെ കുതിക്കുന്ന ഈയ്യാംപാറ്റകള്‍ ആവാതിരിക്കുവാന്‍ ഇത്തരക്കാര്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് നന്ന്.

തീയ്യ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും നമ്പൂതിരിമാരെ പ്രവേശിപ്പിച്ചു കൊണ്ടുള്ള പൂജാദി കര്‍മ്മങ്ങള്‍ നടത്തുന്നത് ആശാസ്യമായ ഒരു കീഴ് വഴക്കമല്ല. എല്ലാ ജാതിക്കാരെയും പങ്കെടുപ്പിക്കുക, ഭാഗവാക്കാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് പറയുന്നവരോട് നമ്പൂതിരിമാര്‍ക്ക് ഈ പൂജാവിധിയല്ലാതെ മറ്റൊരു കാര്യവും നല്‍കാത്തതെന്തേ എന്നാണ്? അറിഞ്ഞോ അറിയാതെയോ സ്വന്തം കാവുകളിലും ക്ഷേത്രങ്ങളിലുമുള്ള പൂജാവിധികളുടെ  ഉത്തരവാദിത്തം നമ്പൂതിരിമാരുടെ മേല്‍ കേട്ടിവേക്കുന്നത് ഭാവിയില്‍ അതിന്റെ കുത്തകാവകാശം അവരില്‍ നിക്ഷിപ്തമാകുന്ന രീതിയിലേക്ക് അത് വഴിവെക്കും.  വീണ്ടും ബ്രാഹ്മണ്യത്തിനു കളമൊരുക്കിക്കൊടുക്കുകയാണ് നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്.

എസ്.എന്‍.ഡി.പി.:- കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാല തൊട്ടു  തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും മലബാറിലേക്ക് കുടിയേറിപ്പാര്ത്ത ക്രിസ്ത്യന്‍ കുടിയേറ്റ കര്‍ഷകരുടെ കൂട്ടത്തില്‍ മലബാറിലേക്ക് കുടിയേറിയ ഈഴവരുടെ പരമ്പര ഇന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിനു പുറമേ ഈഴവര്‍ ജോലിയാവശ്യാര്‍ത്ഥവും അല്ലാതെയും ഇവിടെ കുടിയേറിയിട്ടുണ്ട്. അങ്ങിനെ മലബാറില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ പിന്‍തലമുറക്കാരാണ് ഇവിടെ എസ്.എന്‍.ഡി.പി. യുടെ ശാഖകള്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്.
അവരുടെ കൂട്ടത്തില്‍ അറിഞ്ഞോ അറിയാതെയോ ചില തീയ്യരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്.

യഥാര്‍ത്ഥത്തില്‍ മലബാറിലെ തീയ്യര്‍ക്ക് ഈഴവ സംഘടനയായ എസ്.എന്‍.ഡി.പി. യുമായി യാതൊരു ബന്ധവും വച്ച് പുലര്‍ത്തേണ്ട ആവശ്യമില്ല. എന്നിട്ടും ചിലരൊക്കെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഈഴവ സംഘടനയില്‍
ഉള്‍പ്പെട്ടിടുണ്ട്. അത്തരക്കാര്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കി അതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് വേണ്ടത്.

എസ്.എന്‍.ഡി.പി. എന്ന സാമുദായിക സംഘടന ഉയര്‍ത്തിപിടിക്കുന്ന സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടും മലബാറിലെ തീയ്യര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടും അത്യന്തം ഭിന്നമാണ്‌. അത് കൊണ്ട് തന്നെ ഒരിക്കലും തീയ്യര്‍ക്ക് ഒരിക്കലും ഒരു ഈഴവ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.  എസ്.എന്‍.ഡി.പി. രൂപീകരിച്ചു നൂറ് വര്ഷം പിന്നിട്ടിട്ടും ഇന്നും മലബാറില്‍ വ്യാപകമായി എസ്.എന്‍.ഡി.പി. ശാഖകള്‍ രൂപീകരിക്കാന്‍ കഴിയാത്തത് മറ്റൊന്നും കൊണ്ടല്ല. മാധ്യമങ്ങളെയും മറ്റും ഉപയോഗിച്ച് തെറ്റായ പ്രചാരണം അഴിച്ചു വിട്ടു ആളുകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സംഘടനയില്‍ ചേര്‍ക്കാനുള്ള ശ്രമവും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്.

(തുടരും....)

തെയ്യവും തീയ്യനും - 8

തീയ്യരും ക്ഷേത്രങ്ങളും:

മലബാറിനെ സംബന്ധിച്ചിടത്തോളം തീയ്യ സമുദായത്തിന് ക്ഷേത്രങ്ങളുണ്ടായിരുന്നില്ല. മലബാറിലെ തീയ്യര്‍ ക്ഷേത്രങ്ങളിലോ ക്ഷേത്രാചാരങ്ങളിലോ വിശ്വസിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായത് മാതിരിയുള്ള ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുള്ള സമരങ്ങള്‍ മലബാറില്‍ ഉണ്ടായതേയില്ല.  മലബാറിലെ മിക്കവാറും എല്ലാ കുടുംബങ്ങള്‍ക്കും തറവാട്ട് വകയായുള്ള കാവുകളും കോട്ടങ്ങളും മറ്റും ഉണ്ടായിരുന്നു. ഇതിനു പുറമേ സമുദായത്തിന് ഒന്നാകെയുള്ള കാവുകള്‍ വേറെയുമുണ്ടായിരുന്നു. അവിടങ്ങളിലൊക്കെ പരദൈവതകളെയും വീരാരാധനാമൂര്‍ത്തികളെയും കേട്ടിയാടിക്കുമായിരുന്നു.  അത് കൊണ്ട് തന്നെ മലബാറിലെ തീയര്‍ക്ക് മറ്റൊരു ദൈവത്തെയോ, ക്ഷേത്രത്തെയോക്കുറിച്ച് ആലോചിക്കെണ്ടിയേ വന്നില്ല.

എന്നാല്‍ ശ്രീനാരായണഗുരു (ഈഴവന്‍), ചട്ടമ്പി സ്വാമികള്‍ (നായര്‍) എന്നിവരുടെ നേത്രുത്വത്തില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം ശക്തിപ്പെട്ട സമയത്ത് തന്നെയാണ് ഇന്ത്യന്‍ സ്വാന്ത്ര്യ സമരവും മറ്റും അതിന്റെ ഉച്ചസ്ഥായിയിലേക്ക് കാലെടുത്ത് വെക്കാന്‍ ആരംഭിച്ചത്.  ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് തിരുവിതാംകൂറിലെ ഈഴവരുടെ ഇടയിലുണ്ടായ ഉണര്‍വ് അത് ശ്രീനാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ടിച്ചത് മുതല്‍ ആരംഭിച്ചതും, വ്യാപകമായതും ഒടുവില്‍ മറ്റ് ക്ഷേത്രങ്ങളില്‍ തങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചു സമരത്തിലേക്ക് നീങ്ങിയതും അന്തിമമായി ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായതും.

ഈഴവ ശിവനെ പ്രതിഷ്ഠിച്ച നാരായണ ഗുരു അടങ്ങിയിരുന്നില്ല. കേരളമാകെ അമ്പലങ്ങള്‍ (ക്ഷേത്രങ്ങള്‍) പണിയുന്നതിലെക്ക് അത് കൊണ്ട് ചെന്നെത്തിച്ചു. അതിന്റെ ഭാഗമായി മലബാറിലെ തീയ്യരെ ഈഴവരുടെ ഭാഗമായി കണ്ടു കൊണ്ട് കോഴിക്കോടും, തലശ്ശേരിയിലും കണ്ണൂരിലും നാരായണഗുരു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി.  അതുവരെ ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കാതിരുന്ന ഒരു വിഭാഗം തീയ്യര്‍ ഈ പുത്തന്‍ പ്രവണതയില്‍ ആകൃഷ്ടരായി അതിന്റെ വക്താക്കളായി.  ഇതോടൊപ്പം ക്ഷേത്ര പ്രവേശന വിളംബരവും കൂടി വന്നതോടെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക എന്നുള്ളതും ആരാധന നടത്തുക എന്നുള്ളതും ഒരു വലിയ കാര്യമായി അധസ്ഥിത വിഭാഗങ്ങള്‍ കരുതി തുടങ്ങി. അങ്ങിനെയാണ് മലബാറില്‍ ആദ്യമായി തീയ്യര്‍  ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് അതിന്റെ വക്താക്കള്‍ ആവാന്‍ തുടങ്ങിയത്.  ഇതിന്റെ മറപിടിച്ചു കൊണ്ട് പല കാവുകളെയും മഠങ്ങളെയും അവര്‍ അത് വരെ വിളിച്ചിരുന്ന പേര് മാറ്റിക്കൊണ്ട് ക്ഷേത്രം എന്ന് വിളിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ മറ്റുള്ളവര്‍ അങ്ങിനെ വിളിച്ചു തുടങ്ങി.

അങ്ങിനെ മറ്റ് പിന്നോക്ക ജാതിയില്‍പ്പെടുന്ന  തീയ്യരുടെ പല ആരാധനാ കേന്ദ്രങ്ങളും ക്ഷേത്രങ്ങള്‍ എന്ന് പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.  എന്നാല്‍ ഇതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത നിരവധി പേര്‍ തീയ്യരില്‍ ഉണ്ടായി. അവര്‍ തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളുമായി മുന്നോട്ടു പോയി. പുതുതലമുറയാകട്ടെ  തങ്ങള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ സൌഭാഗ്യം പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.  അതിന്റെ ഭാഗമായി ക്ഷേത്രത്തിലെന്ന പോലെ പ്രതിഷ്ഠകളും തെയ്യങ്ങള്‍ക്ക് ഒരുക്കുന്ന ചടങ്ങുകളും ഉണ്ടായിതുടങ്ങി.

കാവും ക്ഷേത്രവും അനുഷ്ഠാന ക്രമത്തിലും ആരാധാനാ രീതിയിലും അത്യന്തം വിത്യസ്തമാണെന്ന പ്രാഥമിക പാഠം പോലും പുതിയ തലമുറ വിസ്മരിക്കുകയാണ്. ക്ഷേത്രകാര്യങ്ങള്‍ മന്ത്ര തന്ത്രാദികളോടെ നിര്‍വ്വഹിക്കപ്പെടുന്ന വൈദികാരാധനാ ക്രമമാണ് സ്വീകരിക്കുന്നതെങ്കില്‍ തെയ്യക്കാവുകളില്‍ ദ്രാവിഡ ആരാധനാരീതി അനുസരിച്ചുള്ള വരവിളിയിലൂടെ ദൈവത്തെ മെയ്യിലാവാഹിച്ചുള്ള ഉറഞ്ഞാട്ടവും അനുഗ്രഹ ലബ്ദിയുമാണ്‌ നടക്കുന്നത്.

ഒരു തെയ്യത്തെയും മന്ത്രസിദ്ധി കൊണ്ട് ഒരിടത്ത് തന്നെ പിടിച്ചു വെക്കാന്‍ കഴിയുകയില്ല എന്ന് കുണ്ടോറ ചാമുണ്ഡിയുടെ തോറ്റം പാട്ടുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ തെയ്യത്തിന്റെ ആത്മസത്തയെ കളിയാക്കുകയാണ് തെയ്യപ്രതിഷ്ഠയിലൂടെ ഇത്തരക്കാര്‍ ചെയ്യുന്നത്.

ഒരിടത്തെ കാവില്‍ തന്ത്രീശ്വരന്‍ ആവാഹിച്ചുറപ്പിച്ചു പ്രതിഷ്ഠ കൊടുത്ത പുതിയ ഭഗവതി തെയ്യത്തെ മറ്റൊരു കാവിലെ കളിയാട്ട വേളയില്‍ ചമയമണിഞ്ഞ് വന്ന കോലക്കാരന്‍ വരിക വരിക എന്ന് എത്ര വിളിച്ചാലും ഈ തെയ്യത്തിനു വരാന്‍ കഴിയില്ലല്ലോ ? 

ചുരുക്കത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായൊരു അനുഷ്ഠാനകര്‍മ്മത്തെ നവീകരിക്കാന്‍ ഭീമമായ തുക ചിലവഴിക്കുന്നവര്‍ തെയ്യാരാധനയുടെ അടിസ്ഥാന തത്വം പോലും വിസ്മരിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

തെയ്യങ്ങള്‍ മഹാക്ഷേത്രങ്ങളിലെ ദേവന്മാരെ പോലെ ഒരേ കോവിലില്‍ത്തന്നെ നിരന്തരം കുടികൊള്ളുന്നില്ല. മറിച്ച് തെയ്യങ്ങള്‍ മായിക പ്രപഞ്ചത്തിലെങ്ങും നിറഞ്ഞു നില്‍ക്കുകയാണെന്നാണ് സങ്കല്പം. അത് കൊണ്ടാണ് കോലക്കാരന്‍ വേഷമണിഞ്ഞു കാവിന്‍ മുറ്റത്ത് തൊഴുത് നിന്ന് വരിക വരിക ദൈവമേ എന്ന് തോറ്റം പാടുന്നത്. ഈ വരവിളി കേട്ടാണത്രെ തെയ്യം പള്ളിയറയിലെ പാമാടപ്പലമേല്‍ വന്നിരുന്ന് ആയുധ ദീപാദികളിലൂടെ കോലക്കാരനിലേക്ക് ആവേശിക്കുന്നത് .

തിരുത്താന്‍ പറ്റാത്തത്ര മുന്നോട്ട്, പുതു തലമുറ തങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ച് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു എന്ന് ചുരുക്കം. ഈ വസ്തുത അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.  സ്വന്തമായി ക്ഷേത്രങ്ങളോ കാവുകളോ ഇല്ലാതിരുന്ന ഒരു കൂട്ടര്‍ മറ്റുള്ളവരുടെതു  കണ്ടു നമുക്കും അത് പോലെയുള്ള ഒന്ന് വേണമെന്ന് കരുതി ക്ഷേത്രങ്ങള്‍ ഉണ്ടാക്കുന്നതും വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.  എന്നാല്‍ മലബാറിലെ തീയര്‍ ഇതിന്റെ പിറകെ പോകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 

ഗണപതിഹോമം: വൈദിക രൂപത്തിലും താന്ത്രിക രൂപത്തിലുമുള്ള ആചാര പ്രകാരമാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി വിഘ്നേശ്വരനു നടത്തുന്ന ഹോമമാണ് ഗണപതിഹോമം എന്ന് പറയാം. അത് പോലെ കേതു ദശ മാറാന്‍ വേണ്ടിയും ഈ ഹോമം നടത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ശിവ-പാര്‍വതി പുത്രനായ ഗണപതിയാണ് വിഘ്നേശ്വരന്‍.  വേദങ്ങളിലും ഉപനിഷത്തുകളിലും ഗണപതി ഹോമത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ആദിശങ്കരാചാര്യരുടെ കാലം മുതലാണ്‌ ഗണപതി പ്രശസ്തി നേടിയത്. അതിനു കാരണം അക്കാലം മുതലാണ്‌ ഗണപതിയെ പ്രധാന ദേവതയായി കണക്കാക്കി പൂജയും ഹോമവും നടത്താന്‍ തുടങ്ങിയത്. 

അങ്ങിനെ തീര്‍ത്തും ആര്യന്‍മാരുടെ വൈദികവും താന്ത്രികവുമായ ഒരാചാരമായ   ഗണപതി ഹോമം ഇന്ന് ദ്രാവിഡ ആചാരം പിന്തുടരുന്ന ഒരു സമുദായം ഏറ്റെടുത്ത് നടത്തുന്നത് കാണാന്‍ കൌതുകമുണ്ട്. തീയ്യരുടെ ഇടയില്‍ അടുത്ത കാലത്ത് ഉണ്ടായ ഒരു ഫാഷന്‍ ആണ് തങ്ങളുടെ ഗൃഹപ്രവേശന സമയത്ത് ഗണപതി ഹോമം നടത്തുക എന്നുള്ളത്. അതിനു വേണ്ടി അത് നടത്തിക്കിട്ടാന്‍ നമ്പൂതിരിമാരെ അന്വേഷിച്ചു പോകലും. അതിരാവിലെ സൂര്യോദയത്തിനു മുന്നേ നടത്തുന്ന ഈ ഹോമം വൈദിക രീതിയിലുള്ള പൂജാ ക്രമമാണ്. മറ്റ് സമയങ്ങളില്‍ ഈ പൂജ വളരെ വിരളമായി മാത്രമേ നടത്താറുള്ളൂ.  

അഷ്ട ദ്രവ്യങ്ങള്‍ ആണ് ഈ ഹോമത്തിനു വേണ്ടി ഉപയോഗിക്കുന്നത്. ഓരോ ദ്രവ്യവും ഓരോ ദേവതമാര്‍ക്ക് സമമാണ്. അവരെ ഹോമത്തിനു മുന്നായി അതിലേക്ക് ആവാഹിക്കുകയോ അവര്‍ക്കായി സ്തുതി നടത്തുകയോ ചെയ്യും. ഒപ്പം തേന്‍, നെയ്യ് തുടങ്ങിയ മറ്റ് ദ്രവ്യങ്ങളും ഇതില്‍ ചേര്‍ക്കും.  പലയിടത്തും പല രീതിയിലാണ് ദ്രവ്യങ്ങള്‍ പൂജക്ക്‌ ഉപയോഗിക്കുന്നത്.  പല തരത്തിലുള്ള മന്ത്രങ്ങള്‍ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഗണപതി മൂല മന്ത്ര, മാല മന്ത്ര, ക്ഷിപ്ര പ്രസാദ മന്ത്ര, ഗണപതി ഗായത്രി മന്ത്ര, ഗണപതി അഥര്‍വ ശീര്‍ഷ മന്ത്ര എന്നിവയാണ് ഈ മന്ത്രങ്ങള്‍. ഗണപതി ഹോമം, മഹാ ഗണപതി ഹോമം, വല്ലഭ ഗണപതി ഹോമം, ലക്ഷ്മി ഗണപതി ഹോമം തുടങ്ങി നിരവധിയായ ഗണപതി ഹോമങ്ങള്‍ ഉണ്ട്.   

തീര്‍ത്തും വൈദിക സമ്പ്രദായ പ്രകാരമുള്ള ഈ ആരാധനാ രീതി തീയ്യരുടെ ആരാധന രീതിയുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല എങ്കിലും കൂടുതല്‍ പേര്‍ ഈ രീതി പിന്തുടരുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. 

(തുടരും....)

2014 ഏപ്രിൽ 16, ബുധനാഴ്‌ച

തെയ്യവും തീയ്യനും - 7

ആര്യന്മാരുടെ ആഗമനത്തിനു മുമ്പ് തന്നെ കേരളത്തില്‍ ദ്രാവിഡവര്‍ഗ്ഗീയരായ നാഗന്മാര്‍ എന്നൊരു വര്‍ഗ്ഗക്കാര്‍ താമസിച്ചിരുന്നു. അവര്‍ നാഗങ്ങളെ ആരാധിക്കുന്നവരായിരുന്നു. കേരളം മുഴുവനും, വിശിഷ്യ മലബാറിന്റെ ഒരു ഭാഗത്തും എവിടെ നോക്കിയാലും അവര്‍ക്ക് ഒരു കാവും, സര്‍പ്പ പ്രത്രിഷ്ഠയും ഉള്ളതായി കാണാം.  ഈ കാവുകളില്‍ സര്‍പ്പം തുള്ളല്‍ എന്നൊരു വഴിപാടാണ് പ്രധാനമായി നടത്തിപ്പോന്നിരുന്നത്. അതിനായി നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ഭംഗിയുള്ള പടങ്ങള്‍ നിലത്തു വരച്ചുണ്ടാക്കുക എന്നുള്ളത് പ്രധാന ചടങ്ങായിരുന്നു. ഇതിനാണ് കളമെഴുത്ത് എന്ന് പറയുന്നത്.

കേരളത്തിലെ തീയ ജനതയുടെ പ്രാചീന കാല മത സങ്കല്‍പ്പത്തിന്റെ ഒരു ദൃശ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇന്നും ആ വിശ്വാസം നില നിന്ന് വരുന്നുണ്ട്. ബ്രാഹ്മണ മതം ഗുപ്ത ചക്രവര്‍ത്തിമാരുടെ നേത്രുത്വത്തില്‍ വിശാല ഹിന്ദുമതമായി വികസിക്കുന്നതിനിടയില്‍ നാഗാരാധന ഹിന്ദുമതത്തിന്റെ ഒരു ഭാഗമായി തീരുകയാണുണ്ടായത്.

ഇന്നത്തെ നിലയില്‍ നോക്കുമ്പോള്‍ തീയ്യര്‍ ഹിന്ദുമത വിശ്വാസികളാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷം മാത്രമാണ് അവര്‍ക്ക് ഹിന്ദുമത വിശ്വാസത്തിന്റെ സാക്ഷാത്കാരം നല്‍കുന്ന ക്ഷേത്രങ്ങളില്‍ പ്രവേശനം ലഭിച്ചു തുടങ്ങിയത്. സമുദായത്തിന്റെ പൊതുസ്വഭാവം നോക്കുമ്പോള്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമേ ക്ഷേത്ര വിശ്വാസികളോ, ക്ഷേത്രാരാധകരോ ആയിക്കാണുന്നുള്ളൂ.

നിഗൂഡ ശക്തികളുള്ള ചാത്തനെ (ബുദ്ധനായ ശാസ്താവിനെ) സേവിക്കുന്ന സമ്പ്രദായം താന്ത്രിക ബുദ്ധമതം തീയ്യര്‍ക്ക്  നല്‍കിയിട്ടുള്ള ഒരു പൈതൃകമാണ്‌. സംഘകാലത്തെ
കോറ്റവൈ എന്ന അമ്മ ദൈവം പില്‍ക്കാലത്ത് അവര്‍ക്ക് പ്രചോദനം നല്‍കുന്ന ഭദ്രകാളിയായി രൂപമെടുത്തിരിക്കുന്നു.  

പൊതുവേ നോക്കിയാല്‍ ആര്യന്മാര്‍ക്ക് പ്രിയതരമായ വൈഷ്ണവ വിശ്വാസത്തെക്കാളും തീയ്യ സമുദായഘടനയില്‍ ഏറ്റവും സ്വാധീനം ചെലുത്തിക്കാണുന്നത് ശൈവ വിശ്വാസമാണ്. അടുത്ത കാലത്ത് മാത്രമാണ് അവര്‍ വൈഷ്ണവ ദേവതകളെ ആരാധിച്ചു തുടങ്ങിയത്.

ശിവന്‍,  സുബ്രഹ്മണ്യന്‍, ഗണപതി, വീരഭദ്രന്‍, അയ്യപ്പന്‍, ഭദ്ര (പത്തിനി) എന്നീ പ്രമുഖ ശൈവദേവതകളെയാണ് തീയ്യര്‍  മുഖ്യമായും ആരാധിച്ചിരുന്നത്. മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ തുടങ്ങിയ വൈഷ്ണവ ദേവതകളും ഇപ്പോള്‍ തീയ്യര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.


കുട്ടിച്ചാത്തന്‍, പറക്കുട്ടി, കരിംകുട്ടി, മുനി, മുണ്ടിയന്‍, കണ്ടകര്‍ണ്ണന്‍ മുതലായ ചില പ്രാചീന ഉപദേവതകള്‍ ശാസ്താവിന്റെ പല ഭാവങ്ങളുടെ അനുബന്ധമെന്നവണ്ണം തീയ്യരുടെ ഭക്തിക്കും പൂജക്കും മറ്റും പാത്രീഭവിച്ചിരിക്കുന്നു. 

(തുടരും.....)

തെയ്യവും തീയ്യനും - 6

പതിറ്റുപ്പത്ത്, മണിമേഖല മുതലായ പ്രാചീന ഗ്രന്ഥങ്ങളിലും കേരളത്തെ നാഗലോകമെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.  തെക്കേ ഇന്ത്യയില്‍ നാഗ ജനതയുടെ അധിവസസ്ഥാനം മലബാര്‍ ആയിരുന്നു പി.ടി. ശ്രീനിവാസശാസ്ത്രി History of Tamils P.93. ചരിത്ര ദൃഷ്ടിക്ക് ചെന്നെത്താന്‍ കഴിയാത്തത്ര അതിവിദൂരമായ പ്രാചീനകാലം മുതല്‍ തന്നെ കേരള നിവാസികലായി നാഗന്മാര്‍ എന്ന ദ്രാവിഡ ജനസമുദായത്തെയാണ്‌ കാണുന്നത് ശ്രീ ചട്ടമ്പി സ്വാമികള്‍ - പ്രാചീന കേരളം, പേജ് 4.

പഴയകാലങ്ങളില്‍ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട പുരുഷന്മാരും കുടുമ വെച്ചിരുന്നു. വിദേശ ബ്രാഹ്മണരും മറ്റും പിന്കുടുമക്കാരായിരുന്നു. എന്നാല്‍ നമ്പൂതിരിമാര്‍ നായന്മാരെയും ഈഴവരെയും പോലെ മുന്‍ കുടുമക്കാരായിരുന്നു. ഇത് നമ്പൂതിരിമാര്‍ പുറമേ നിന്ന് വന്നവരല്ലെന്നുള്ളതിന്  തെളിവാകുന്നു. ശരീരാകൃതിയിലും ഈ മൂന്നു കൂട്ടര്‍ക്കും തുല്യതയാനുള്ളത്. മതപരമായ ആചാരങ്ങളിലും ഇവര്‍ക്ക് തമ്മില്‍ ചില കെട്ടുപാടുകളുണ്ട്. അതില്‍ മുഖ്യമായ ഒന്നത്രേ വണ്ണാത്തിമാറ്റ്. പത്തൊമ്പതാം ശതകത്തിന്റെ അന്ത്യം വരെ ഈ മൂന്നു സമുദായക്കാരും പരസ്പ്പരം ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന മതാചാരമായിരുന്നു ഈ വണ്ണാത്തിമാറ്റ്. നമ്പൂതിരിക്കും നായര്‍ക്കും പ്രത്യേകമായി അലക്കുകാരുണ്ടെങ്കിലും  തീയ്യരുടെ അലക്കുകാരിയായ വണ്ണാത്തി കൊടുക്കുന്ന മാറ്റ് തുണി വാങ്ങി ധരിച്ചാല്‍ മാത്രമേ അന്തര്‍ജനങ്ങളുടെയും നായര്‍ സ്ത്രീകളുടെയും ഋതു സ്നാന ശുദ്ധിയും വിവാഹാദി മംഗള കര്‍മ്മങ്ങളിലെ ശുദ്ധിയും പുല ശുദ്ധിയും സാധൂകരിക്കപ്പെടുമായിരുന്നുള്ളൂ.

തീയ്യ പ്രമാണിമാരുടെ ആജ്ഞയിന്‍ കീഴില്‍ ഉള്ളവരാണ് വണ്ണാത്തികള്‍. ഈ പ്രമാണിമാരുടെ അപ്രീത്ക്ക് പാത്രമാവുന്ന നമ്പൂതിരിക്കും നായര്‍ക്കും തീയ്യ പ്രമാണി വണ്ണാത്തി മാറ്റ് വിലക്കും. മാറ്റ് ധരിച്ചു ശുദ്ധം മാറാതെ വന്നാല്‍ ഭ്രഷ്ട് സംഭവിക്കും. കുടുംബത്തിനു പുറത്താകും. അങ്ങിനെയായിരുന്നു മതാചാരം. ഈ രഹസ്യായുധം അടുത്തകാലം വരെ തീയ്യരുടെ കൈയില്‍ ഭദ്രമായിരുന്നു. (മലബാര്‍ ഗസറ്റിയര്‍, വാള്യം രണ്ടു അധ്യായം മൂന്ന്‍)

നായര്‍ സ്ത്രീകള്‍ പുറത്തുമാറിയാല്‍ ശുദ്ധം വരാന്‍ വണ്ണാത്തിമാറ്റ് ഉടുക്കണം. പ്രസവിച്ചാലും ശുദ്ധം വരാന്‍ വണ്ണാത്തിമാറ്റ് ധരിക്കണം (അന്നത്തെ കേരളം പുറം ഇരുപത്തിയെട്ടു ഇളംകുളം). നമ്പൂതിരി മുതല്‍ തീയ്യര്‍ വരെയുള്ള എല്ലാ ഹിന്ദു സ്ത്രീകളുടെയും തീണ്ടാരി ശുദ്ധിയും പ്രസവ ശുദ്ധിയും വണ്ണാത്തി നിര്‍വഹിച്ചു പോരുന്നു. ക്ഷേത്ര ദേവിമാരുടെ തീണ്ടാരി ശുദ്ധി പോലും നിര്വ്വഹിക്കെണ്ടത് വണ്ണാത്തിമാരാണ്. (Social Revolution in Kerala Village Page 90 Professor Ayyppan) . ഇവയെല്ലാം പരിഗണിക്കുമ്പോള്‍ നമ്പൂതിരിയും നായരും തീയ്യരും പണ്ടേക്കാലത്ത് ഒരേ സമുദായമായിരുന്നു എന്നും ആ പാരമ്പര്യതുടര്‍ച്ച വഴിയായിട്ടാണ് വണ്ണാത്തിമാറ്റ് തുടര്‍ന്ന്‍ പോന്നിരുന്നതെന്നും അനുമാനിക്കാവുന്നതാണ് (കേരള ചരിത്ര നിരൂപണം, കാമ്പില്‍ അനന്തന്‍ പേജു 153 മുതല്‍ 161 വരെ)

തീയ്യരുടെ ഈ അധികാരത്തില്‍ മനം നൊന്ത് ഉത്തര കേരള നായര്‍ സമാജവും തലശ്ശേരിയിലെ ഒരു നായര്‍ സമാജവും താഴെക്കാണും പ്രകാരം ഒരു നിശ്ചയം പാസ്സാക്കുകയുണ്ടായി.

വല്ല കാരണവശാലും തീയ്യര്‍ മാറ്റ് വിലക്കുന്ന പക്ഷം മാറ്റ് വേണ്ടെന്നു വയ്ക്കണമെന്നും മാറ്റ് കിട്ടാത്ത കാരണത്താല്‍ ആരെയും ഭ്രഷ്ടരാക്കുവാന്‍ പാടില്ലാത്തതാണെന്നും ഈ യോഗം നിശ്ചയം ചെയ്തിരിക്കുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ഘട്ടത്തിലാണിത്.
കേരളത്തില്‍ ചാതുര്‍വര്‍ണ്യം രൂപപ്പെടുന്നതിന് മുമ്പ് പ്രാമാണിത്വം വഹിച്ചിരുന്നത് തീയ്യരായിരുന്നു. 

ക്കാലത്ത് ഓരോ തറകളും (ദേശങ്ങളും) തറ പ്രമാണിമാരാല്‍ ഭരിക്കപ്പെട്ടുപോന്നിരുന്നു. ഇവരെ തറയില്‍ കാരണവര്‍ എന്ന് പറഞ്ഞുവന്നിരുന്നു. ഇങ്ങിനെയുള്ള നാല് തറകള്‍ക്ക് അധിപനായവനെ നാല്പ്പാടി എന്നാണു പറഞ്ഞു വന്നിരുന്നത്. അറുപത്തിനാല്‌ തറക്കധിപന്‍ മന്നനാര്‍ എന്നും അറിയപ്പെട്ടിരുന്നു. ഈ സ്ഥാനങ്ങള്‍ പോയശേശവും തീയ്യര്‍ക്ക് തറയില്‍ കാരണവരെന്നും, നാല്പ്പാടിമാരെന്നും തണ്ടയാരെന്നും മന്നനാര്‍ എന്നും ഉള്ള സ്ഥാനപ്പേരുകള്‍ ഏറെക്കാലം നിലനിന്നിരുന്നു. മലബാറില്‍ ചില സ്ഥലങ്ങളില്‍ ഇക്കാലത്തും തീയ്യരെ  നാല്ഖാടി എന്നുള്ള ബഹുമതിപദം ചേര്‍ത്ത് മറ്റുള്ളവര്‍ സംബോധന ചെയ്യാറുണ്ട്. (കേരള ചരിത്ര നിരൂപണം പേജ് 153-161).

വടക്കെ മലബാറില്‍ തളിപ്പറമ്പിന് വടക്ക് കിഴക്കായുള്ള എരുവശി പ്രദേശത്ത് വാണിരുന്ന മന്നനാര്‍ എന്നൊരു തീയ്യ രാജവംശം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ നിലനിന്നിരുന്നു. ആ മന്നനാര്‍ രാജവംശത്തിന്റെ ആവിര്‍ഭാവതിരോധാനചരിത്രങ്ങലെപ്പറ്റി ചിറയ്ക്കല്‍ കോവിലകത്തെ വലിയതമ്പുരാന്റെ മകനും ചരിത്ര ഗവേഷകനുമായ ബാലകൃഷ്ണന്‍ നായര്‍ ബി.ഏ.  വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്.

ഒരു തീയ്യ രാജവംശം വളരെക്കാലം ശക്തിയോടെ ഭരിച്ചിരുന്ന ഒരു പ്രദേശമാണ് കൊട്ടിയൂര്‍. കൊട്ടിയൂരില്‍ പരിഷ്ക്കാരത്തിന്റെ  ഉയര്‍ന്ന നിലവന്നത് മൂത്തോറന്‍ എന്ന തീയ്യ പ്രഭുവിന്റെ ഭരണ കാലത്തായിരുന്നു. നാനാ പ്രകാരത്തില്‍ ശ്രേയസ്കരമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. എതിര്‍ ശക്തികള്‍ ഗൂഡമായി ഏര്‍പ്പെടുത്തിയ ഒരു ലഹളയില്‍ വഞ്ചിതനായ അദ്ദേഹം അകാല ചരമം പ്രാപിക്കുകയുണ്ടായി.

അഷ്ടാംഗഹൃദയസംഹിത എന്ന ഗ്രന്ഥത്തിന് ഭാസ്കര വ്യഖ്യാനം എന്ന പേരില്‍ ഒരു ഭാഷ്യവും ഭാഷാപദ്യത്തില്‍ യോഗാമൃതം എന്ന പേരില്‍ ഒരു സമ്പൂര്‍ണ്ണ വൈദ്യഗ്രന്ഥവും നിര്‍മ്മിച്ച്‌ മലയാളികളെ അനുഗ്രഹിച്ചത് വടക്കെ മലബാര്കാരനായ ഉപ്പോട്ട് കണ്ണന്‍ എന്ന തീയ്യ പന്ധിതനാകുന്നു. ബ്രിട്ടീഷ് മലബാറില്‍ മലയാളികളില്‍ ആദ്യമായി ഒന്നാം ഗ്രേഡ് ഡെപ്യൂട്ടി കളകടര്‍ പദവി നേടിയ ചൂര്യയി കണാരനെത്തുടര്‍ന്ന്‍ രണ്ടാമതായി ആ പദവിയില്‍ എത്തിച്ചേര്‍ന്നതും ഈ ഉപ്പോട്ട് കണ്ണനാകുന്നു.

രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കെ മലബാറില്‍ കണ്ണന്‍, കോരന്‍, ചാത്തപ്പന്‍, ഒതേനന്‍, ചാത്തു എന്നീ പേരുകളില്‍ ജീവിച്ചിരുന്ന അസാമാന്യ വിദ്വാന്മാരായ അഞ്ചു സഹോദരന്മാരാണ് പുതുശ്ശേരി ഗുരുക്കന്മാര്‍ എന്നാ പേരില്‍ അറിയപ്പെട്ടു വരുന്നത്.  വിദ്വദ് കവികളും അനേകം ശാസ്ത്ര ഗ്രന്ഥങ്ങളുടെയും സാഹിത്യ ഗ്രന്ഥങ്ങളുടെയും കര്ത്താക്കളായിരുന്ന അവര്‍ കടത്തനാട്ടു രാജ വംശത്തിലെയും നാലുവീട്ടില്‍ നമ്പ്യാന്മാരുടെ കുടുംബത്തിലെയും ഗുരുസ്ഥാനവും വഹിച്ചു പോന്നിരുന്നു. ഇവരുടെ തറവാടും വാസ സ്ഥലവും തലശ്ശേരിക്കടുത്തുള്ള മേനപ്പുറം എന്ന പ്രദേശത്തായിരുന്നു. ഗുണ്ടര്‍ട്ട് തന്റെ നിഘണ്ടു നിര്‍മ്മാണത്തിന് ഈ പുതുശ്ശേരി ഗുരുക്കന്മാരില്‍ നിന്നും ലഭിച്ചിട്ടുള്ള വിലപ്പെട്ട സഹായത്തെപ്പറ്റി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്.

വടക്കെ മലബാറില്‍ തീയ്യ സമുദായത്തിലെ ഒരു പ്രശസ്ത കുടുംബമായ മാടായി തറവാട്ടില്‍ 1885 ല്‍ ജനിച്ച മന്ദന്‍ ഗുരുക്കള്‍ എന്ന അതിപ്രഗല്ഭന്‍ മുപ്പത്തി രണ്ടു വയസ്സ് വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും അദ്ദേഹം തര്‍ക്ക വ്യാകരണം, ജ്യോതിഷം, ആയുര്‍വേദം എന്നീ ശാസ്ത്രങ്ങളില്‍ വലിയ സമര്‍ത്ഥനും നളചരിതം, പാര്വ്വതീപരിണയം പതിവ്രതാധര്‍മ്മം തുടങ്ങിയുള്ള പല സല്‍കാവ്യങ്ങളുടെ കര്‍ത്താവും ആയിരുന്നു. ഗുരുനാഥന്‍ പുതുശ്ശേരി ഗുരുക്കന്മാരിലെ പ്രധാനിയായ ചാത്തുഗുരുക്കളായിരുന്നു.

അക്കാലങ്ങളില്‍ മലബാറില്‍ പ്രസിദ്ധ വൈദ്യന്മാരായി തീയ്യര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാമ്പില്‍ കിഴക്കെപ്രാത്ത്, കക്കാട്ട്, ചെറുക്കോത്ത്, വാഴയില്‍, പൂഴിയില്‍ തുടങ്ങിയുള്ള തറവാടുകള്‍ പ്രസിദ്ധിപെറ്റ വൈദ്യന്മാര്‍ക്ക് കേള്‍വിപ്പെട്ടതായിരുന്നു. ഇവരെല്ലാം നാട്ടു രാജാക്കന്മാരുടെ കൊട്ടാരം വൈദ്യന്മാരായി പല ബിരുദങ്ങളും പാരിതോഷികങ്ങളും നേടിയിട്ടുള്ളവരാകുന്നു.

കടത്തനാട്ടു തമ്പുരാന്റെ ഗുരുതരമായ ഒരു രോഗം സുഖപ്പെടുത്തിയത്തിനു കക്കാട്ട് കുങ്കന്‍ വൈദ്യര്‍ക്ക്‌ ഇരുപത്തിഅഞ്ചു പറ നിലം ശാശ്വതമായി അനുഭവിക്കത്തവിധം ചാര്‍ത്തിക്കൊടുക്കുകയുണ്ടായി. പ്രശസ്തനായ ദിവാന്‍ ബഹദൂര്‍ ഇ.കെ. കൃഷ്ണന്‍ ജഡ്ജി ഈ കുങ്കു വൈദ്യരുടെ മകനാകുന്നു.

വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ എന്ന വി.കെ. ഗുരുക്കള്‍ ഇന്നറിയപ്പെടുന്നത്‌ വാഗ്ഭടാനന്ദന്‍ എന്ന പേരിലാണ്. കണ്ണൂര്‍ കൂത്തുപറമ്പിനടുത്തുള്ള പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടില്‍ സംസ്കൃത പണ്ഡിതനായ ശ്രീ കോരന്‍ ഗുരുക്കളുടെയും ചീരുഅമ്മയുടെയും മകനായി ജനിച്ച വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ ബ്രഹ്മാനന്ദ ശിവയോഗിയുമായി കോഴിക്കോട് നടന്ന കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹത്തിന്‍റെ ശിഷ്യനാവുകയായിരുന്നു. ശ്രീ ബ്രഹ്മാനന്ദ ശിവയോഗി അദ്ദേഹത്തിനു നല്‍കിയ പേരാണ് വാഗ്ഭടാനന്ദന്‍ എന്നുള്ളത്. 

മലബാറിലെ പാലക്കാട് ജില്ലയില്‍,  ചിറ്റൂര്‍ കൊല്ലങ്കോട് തറവാട്ടില്‍ 1852 ആഗസ്ത്  25ന് ജനിച്ച ഗോവിന്ദന്‍ കുട്ടി മേനോന്‍  ആണ് ബ്രഹ്മാനന്ദ ശിവയോഗി എന്ന പേരില്‍ അറിയപ്പെട്ടത്. സംസ്കൃത പന്ധിതനായ ഇദ്ദേഹം 1918 ല്‍ ആനന്ദമത പ്രചാരണത്തിനായി ആനന്ദ മഹാ സഭ രൂപീകരിച്ചു.  യാഗം, വ്രതം, തീര്‍ത്ഥാടനം, ഭിക്ഷാടനം, വിഗ്രഹാരാധന തുടങ്ങിയ കാര്യങ്ങള്‍ അനുഷ്ടിക്കുന്നത് അജ്ഞത മൂലമാണെന്നും സ്വര്‍ഗ്ഗ പ്രാപ്തിയോ മുക്തിയോ മരണാനന്തരമല്ല ജീവിത കാലത്ത് തന്നെ നമുക്കുണ്ടാക്കാമെന്നും അദ്ദേഹം യുക്തിപൂര്‍വ്വം സ്ഥാപിച്ചു. പ്രാണികളെ കൊന്നു തിന്നാതെയും ബലിയര്‍പ്പിക്കാതെയും ജീവിക്കുക തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചു. ഇദ്ദേഹം 1929  സെപ്തംബര്‍ 10ന് അന്തരിച്ചു. 

ഈ ആശയത്തില്‍ ആകൃഷ്ടനായ വാഗ്ഭടാനന്ദന്‍ തുടര്‍ന്ന്‍ മലബാറിലുടനീളം പ്രഭാഷണങ്ങള്‍ നടത്തി. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ചു. കുട്ടിച്ചാത്തന്‍ തറയും, ഗുളികന്‍ തറയും ഒട്ടേറെ വീടുകളില്‍ നിന്ന് നീക്കി. ക്ഷേത്ര കേന്ദ്രീകൃത വിശ്വാസങ്ങളെ തകര്‍ക്കാനായിരുന്നു ഇത്.  1920 ല്‍ ആത്മവിദ്യാസംഘം രൂപീകരിച്ചു. അദ്വൈതത്തില്‍ അധിഷ്ഠിതമായ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥരും ബുദ്ധിജീവികളും അടങ്ങുന്നതായിരുന്നു ഇതില്‍ കൂടുതല്‍. 

എന്നാല്‍ അതോടൊപ്പം തന്നെ മാര്‍ക്സിസം ലെനിനിസം കാഴ്ചപ്പാടില്‍ ഊന്നി നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങളും ഈ സംഘടന മുന്നോട്ടു വയ്ക്കുകയുണ്ടായത്രേ. സാമ്പത്തിക ചൂഷണത്തെയും വിദേശ ഭരണത്തെയും വാഗ്ഭടാനന്ദന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. പൂജാദി കര്‍മ്മങ്ങളും മന്ത്രവാദവുമെല്ലാം അര്‍ത്ഥശൂന്യങ്ങളാണെന്നു പ്രഖ്യാപിച്ച വാഗ്ഭടാനന്ദനും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളെയും ശക്തിയായി എതിര്‍ത്തു. 1939 ഒക്ടോബറില്‍ തന്റെ അമ്പത്തിനാലാം വയസ്സില്‍ ഇദ്ദേഹം മരണത്തിനു കീഴടങ്ങി.  

കേവലം ഒരു തീയ്യനായിരുന്ന ഈ ധിഷണാശാലിയെ  കോവിലകങ്ങളും നമ്പൂതിരിമനകളും നായര്‍ പ്രഭു കുടുംബങ്ങളും ഒന്ന് പോലെ സ്വാഗതം ചെയ്തിരുന്നു. അവരില്‍ അനേകര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വവും സ്വീകരിച്ചിരുന്നു. ആ അത്ഭുത പ്രതിഭാശാലി സ്ഥാപിച്ച ആത്മവിദ്യാസംഘം ഇപ്പോഴും പ്രചാരത്തിലിരിക്കുന്നു. 

"നാലണ സൂക്ഷിക്കുന്നവന്‍ വേറെ ഒരാളെ പട്ടിണിക്കിടുന്നു;
അനവധി പണം സൂക്ഷിക്കുന്നവന്‍ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു"

എന്ന വാഗ്ഭടാനന്ദന്റെ വരികള്‍ നമുക്ക് ഇത്തരുണത്തില്‍ സ്മരിക്കാം...

പതിനെട്ടാം ശതകം വരെ മലബാറില്‍ കപ്പല്‍ വ്യാപാരികളും കപ്പലുടമകളുമായ തീയ്യ പ്രഭുക്കള്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചില രേഖകളും ലക്ഷ്യങ്ങളും കോഴിക്കോട്ടെ രാരിച്ചന്‍ മൂപ്പന്റെ അറയില്‍ താന്‍ കണ്ടിരുന്നു എന്ന് ജ്ഞാനപീഠപുരസ്കാരം നേടിയ സുപ്രസിദ്ധ സാഹിത്യകാരന്‍ എസ്. കെ. പൊറ്റക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്. അറേബ്യയിലുള്ള അവരുടെ എജന്റ്മാരെപ്പറ്റിയും കപ്പല്‍ ചെന്നടുക്കുവാനുള്ള സ്ഥലങ്ങളെപ്പറ്റിയും ഉള്ള വിവരങ്ങളും മാപ്പുകളും അദ്ദേഹം കണ്ട രേഖകളില്‍ ഉണ്ടായിരുന്നുവത്രേ.

ടിപ്പു സുല്‍ത്താന്‍ വധിക്കപ്പെട്ടതോടു കൂടി 1798 മുതല്‍ ബ്രിട്ടീഷു കാര്‍  മലബാറിനെ മദ്രാസ് പ്രോവിന്സിനോടു ചേര്‍ത്ത് ഭരിക്കാന്‍ തുടങ്ങി. മലബാറിലെ തീയര്‍ അപ്പോള്‍ മുതല്‍ക്കേ ബ്രിട്ടീഷ്കാരുമായി ഇടപഴകി അടുക്കുകയും അവരുടെ ഭാഷ പഠിക്കുകയും അവരുടെ വിശ്വാസം നേടുകയും ചെയ്തു. തല്‍ഫലമായി മലബാര്‍ ഉള്‍പ്പെട്ട മദ്രാസ് പ്രസിഡന്‍സിയിലെ എല്ലാ സ്ഥലങ്ങളിലും അര്‍ഹിക്കുന്ന ഉദ്യോഗങ്ങളില്‍ ധാരാളമായി കടന്നു കൂടാന്‍ തീയര്‍ക്ക് സാധിച്ചു. 

ക്രമേണ മലബാറിലെ തീയര്‍ സവര്‍ണ്ണ ജാതികളില്‍ പ്പെട്ട ഉദ്യോഗസ്ഥരെഎല്ലാം പിന്തള്ളിക്കൊണ്ട് ബ്രിട്ടീഷ്കാര്‍ക്ക് മാത്രമായി നീക്കി വയ്ക്കപ്പെട്ടിരുന്ന ഉയര്‍ന്ന ഉദ്യോഗങ്ങളിലും ധാരാളമായി പ്രവേശിച്ചു കൊണ്ടിരുന്നു. മാത്രമല്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകമാകുമ്പോഴേക്കും ആന്ധ്ര കൂടി ഉള്‍പ്പെട്ടിരുന്ന മദ്രാസ് പ്രസിഡന്‍സിയിലെ ഉയര്‍ന്ന ഉദ്യോഗത്തിന്റെ പകുതിയിലധികവും മലബാര്‍ തീയര്‍ കൈവശമാക്കുകയും ചെയ്തിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ ചീഫ് ജസ്റ്റീസ് ആയിരുന്ന കണ്ണൂര്‍ക്കാരന്‍ ചെരുവാരില്‍ കൃഷ്ണന്‍ എന്ന തീയനാണ് കേരളത്തിളെ ആദ്യത്തെ ഐ.സി.എസുകാരന്‍. രണ്ടാമത്തെ ഐ.സി.എസ് കാരന്‍ തലശ്ശേരിക്കാരനായ വിജയരാഘവന്‍ എന്നാ തീയനാകുന്നു. അദ്ദേഹം മദ്രാസ് പ്രസിഡന്‍സിയിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ആയിരുന്നു. തീയനായ ഈ.കെ. കൃഷ്ണന്‍ എന്ന മഹാനാണ് മലയാളികളുടെ കൂട്ടത്തില്‍ നിന്നും ഒന്നാമത് ബി.ഏ.ബി.എല്‍. പരീക്ഷ ജയിച്ച പ്രശസ്തന്‍. മലയാളികളുടെ ഇടയില്‍ നിന്നും ഒന്നാമതായി റാവു ബഹദൂര്‍ പദവി നേടിയതും അദ്ദേഹം തന്നെയാണ്. മദ്രാസ്‌ സര്‍വകലാശാലയില്‍ ആദ്യമായി ഫെലോ ആയ മലയാളി തീയ്യനായ് മൂളിയില്‍ കൃഷ്ണന്‍ ബി.ഏ.ബി.എല്‍. എം.ആര്‍.ഏ. എസ്സ്,എഫ്.യു.എം. അവര്‍കളാകുന്നു.

 1792 ല്‍ അടിമകച്ചവടം നിര്‍ത്തലാക്കിക്കൊണ്ട് ഇംഗ്ലീഷ് കാര്‍ പുറപ്പെടുവിച്ച വിളംബരത്തില്‍, അതിനു പറഞ്ഞിരിക്കുന്ന കാരണങ്ങളില്‍  ഈ വസ്തുത ശരിക്കും വ്യക്തമാക്കുന്നുണ്ട്. ജനങ്ങളില്‍ ഏറ്റവും ഉപകാരമുള്ള തീയന്മാരുടെയും മറ്റ് കൃഷിക്കാരുടെയും കുട്ടികളെ അവരുടെ വീടുകളില്‍ നിന്ന് കൊള്ളക്കാര്‍ ബലാല്‍ പിടിച്ചു കൊണ്ടുപോയി കപ്പല്‍ക്കാര്‍ക്ക് വിറ്റു കൊണ്ടിരുന്ന പതിവിനെ നിര്‍ത്തല്‍ ചെയ്യണം (ലോഗന്‍, മലബാര്‍ മാനുവല്‍ I P 149).

ചേകോത്തികള്‍ പൊതുവേ സുന്ദരികളാണെന്നും തന്മൂലം അവരെ മോഷ്ടിച്ചും മറ്റും കൊണ്ടുപോയി ബാഗ്ദാദ് മുതലായ വിദേശ രാജ്യങ്ങളില്‍ വിറ്റുകൊണ്ടിരുന്നു എന്നും ചില ചരിത്ര ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഈഴവ തീയ്യ ചരിത്ര പഠനത്തില്‍   കെ.ജി. നാരായണന്‍ "ചേകോര്‍ പ്രശസ്തി" എന്ന ആറാം അധ്യായത്തില്‍ എണ്‍പതാം പേജിന്റെ അവസാന ഭാഗത്ത് പറയുന്നു. 

(തുടരും.....)

തെയ്യവും തീയ്യനും - 5

നിലവില്‍ ജാതികളെ ഇന്ത്യാ ഗവണ്മെന്റ് ഈ രൂപത്തില്‍ സംവരണ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മുന്നോക്ക ജാതി (ജനറല്‍), മറ്റ് പിന്നോക്ക ജാതികള്‍, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം എന്നീ ക്രമത്തില്‍. ഇതില്‍ തീയ്യരും ഈഴവരും ഒക്കെ മറ്റ് പിന്നോക്ക ജാതിയില്‍ പെടും

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (എന്‍.എഫ്.എച്ച്.എസ്) പ്രകാരം താഴെപ്പറയുന്ന പ്രകാരത്തിലാണ് കേരളത്തിലെ  സംവരണ ക്വാട്ട. ജനറല്‍ 56% ഒ.ബി.സി, 31% പട്ടിക ജാതി 11%, പട്ടിക വര്‍ഗം 2%.

വടക്കെ മലബാറിലെ തീയ്യരുടെ സാമ്രാജ്യം കിഴക്ക് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും തെക്ക് കോരപ്പുഴയും ആണ് അതിര്‍ത്തിയായി പറയാവുന്നത്. .മരുമക്കത്തായ സമ്പ്രദായം പിന്തുടരുന്നവരാണ് വടക്കെ മലബാറിലെ തീയര്‍. അത് കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് കുടുംബത്തില്‍ നല്ല നിലയും വിലയും ഉണ്ടായിരുന്നു. സ്ത്രീധനം എന്നത് ഇവിടെ കേട്ട് കേള്‍വി പോലുമില്ലായിരുന്നു. സ്ത്രീ പുരുഷ സമത്വം ഉണ്ടായിരുന്നു.

എം.എം. ആനന്ദ് റാം INFLUK Create to Kerala കീര്‍ത്തി പബ്ലിഷിങ്ങ് ഹൌസ് പ്രൈവറ്റ് ലിമിറ്റഡ്, കോയമ്പത്തൂര്‍ 1999 ല്‍ പുറത്തിറക്കിയ പുസ്തകത്തില്‍ ഇങ്ങിനെ പറയുന്നു. 1470 or 1450 BC യില്‍ ക്രീറ്റിലെ മൌണ്ട് അക്രോത്തരിയില്‍ (Akrotari) ഒരു വലിയ അഗ്നിപര്‍വത സ്ഫോടനം ക്രീറ്റിന്റെ വടക്ക് പടിഞ്ഞാറന്‍ ദ്വീപ്‌ പൂര്‍ണ്ണമായും സമുദ്രത്തിനടിയില്‍ ആകുകയും ചെയ്തുവത്രേ. എന്നാല്‍ പുരാവസ്തു പഠന പ്രകാരം അവിടെ സ്കെലിട്ടന്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ ആ സമയത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു എന്നും BC 1493 ല്‍ തുറന്ന സൂയസ് കനാല്‍ വഴി അവര്‍ തെക്കേ ഇന്ത്യയിലേക്ക് വന്നുവെന്നും കരുതുന്നു.
വടക്കെ മലബാറിലെ തീയ്യരുടെ ജീവിത രീതിയും ക്രീറ്റിലെ ആളുകളുടെ ജീവിത രീതിയും വളരെയധികം സാമ്യമുണ്ടത്രേ. ക്രീറ്റിലെയും മിനോവന്‍ ദ്വീപിലെയും ആളുകളെ തിരയ്യര്‍ എന്ന് വിളിച്ചിരുന്നു. ഇവര്‍ കാലക്രമേണ തീയ്യര്‍ എന്ന് വിളിക്കപ്പെട്ടു.

ഇങ്ങിനെ വടക്കെ മലബാറില്‍ എത്തപ്പെട്ട തീയ്യര്‍ തദ്ദേശവാസികളായ മലയരും കുറിച്യരുമായി സങ്കരപ്പെടാതെ തനത് സംസ്കാരം നിലനിര്‍ത്തി ജീവിച്ചു പോന്നു.    
ബ്രിട്ടീഷ് ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടില്‍ മലബാറിലെ ജില്ലാ കലക്ടര്‍ ആയിരുന്ന വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ Caste and Occupation എന്നതില്‍ തീയ്യരെക്കുറിച്ച് പറയുന്നത് തീയ്യര്‍ (അഥവാ ദ്വീപര്‍) ദ്വീപില്‍ നിന്ന് വന്നവരാണെന്നും ഇലവന്‍  (ഈഴവന്‍) ശ്രീലങ്കയില്‍ നിന്ന് വന്നുവെന്നും പറയുന്നു.

വടക്കെ മലബാറില്‍ മരുമക്കത്തായമാണ്‌ നില നിന്നിരുന്നത്. യൂറോപ്പ്കാരായ ഫ്രഞ്ചുകാര്‍ മാഹിയിലും ഇംഗ്ലീഷ് കാര്‍  തലശ്ശേരിയിലും താമസമാക്കിയപ്പോള്‍ തദ്ദേശീയരായ തീയ്യ സമുദായത്തിലെ സ്ത്രീകളുമായി ഇടകലര്‍ന്നുവെന്നും പറയുന്നു. യൂറോപ്യരുടെ നിറത്തിന് കിടപിടിക്കുന്ന നിറമായിരുന്നു തീയ്യരുടെത് എന്ന് ലോഗന്‍ നിരീക്ഷിക്കുന്നു.    

തീയര്‍ ക്രമേണ വൈദിക രീതിയിലുള്ള ആരാധനയിലും പൂജയിലും ഹോമത്തിലേക്കും കടന്നു. അവര്‍ ഇത് തങ്ങളുടെ വീടിലും അമ്പലത്തിലും പുരോഹിതര്‍ മുഖാന്തിരം നടത്തി തുടങ്ങി. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനമാണ് ഇതിനു വഴി വെച്ചത്. ശ്രീനാരായാണ ഗുരു മൂന്ന്‍ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ (അമ്പലങ്ങള്‍) കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചു. തലശ്ശേരിയിലും കണ്ണൂരും തീയ്യരെ ക്ഷേത്രാരാധകരാക്കി മാറ്റുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

ഒമ്പതാം നൂറ്റാണ്ടില്‍ തെക്കേ മലബാറിലെ ഒരു വിഭാഗം തീയ്യര്‍ ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങിനെ മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ മാപ്പിളമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ണൂരിലെ പ്രോട്ടസ്റ്റന്റ്കാര്‍ ബാസല്‍ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ സ്ഥാപിച്ച് മതപരിവര്‍ത്തനം നടത്തി. ഇക്കൂട്ടത്തില്‍ ഏതാനും തീയ്യരും ഉണ്ടായിരുന്നു.

ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകള്‍  എന്ന കെ. സദാനന്ദന്‍ വൈദ്യരുടെ പുസ്തകത്തില്‍ പറയുന്നത് ഇങ്ങിനെയാണ്‌:

അളകാര്‍ മല ശിലാലിഖിതത്തില്‍ തീയ്യ ശബ്ദവും സ്ഥാനം പിടിച്ചിട്ടുണ്ട്. തീയ്യന്‍ ചന്ദന്‍ എന്നാണു ലിഖിതം. ഇത്തരത്തിലുള്ള ഗുഹാശിലാലിഖിതങ്ങള്‍ വഴി തീയ്യ വിഭാഗം അശോക കാലഘട്ടത്തിലും അതിനു പിമ്പും ഉണ്ടായിരുന്നു എന്നും ദാന ധര്മ്മാദികള്‍ ചെയ്യാന്‍ കെല്‍പ്പുള്ള നാടുവാഴികളോ ഭൂപ്രഭുക്കളോ, വ്യാപാര പ്രമുഖരോ ആണ് എന്ന് കാണാം.

ഏഴാം നൂറ്റാണ്ട് മുതല്‍ ആണ് ഹരിശ്രീ ഗണപതയേ നമ: അവിഘ്നമസ്തു എന്ന മംഗളവാചി പദം നടപ്പിലായി തുടങ്ങിയത് അതിനു മുന്നേയുള്ള മൂന്നു നൂറ്റാണ്ടു കാലം ബുദ്ധമത പ്രഭാവ കാലമായിരുന്നു. അന്നത്തെ മംഗളവാചിപദം നമോസ്തു തമോസ്തുജിനതാമ: എന്നായിരുന്നു. നമോസ്തു ജിനതം എന്നും എഴുതപ്പെട്ടു കാണുന്നു. അതായത് ജിനനെ (ബുദ്ധനെ) നമസ്ക്കരിക്കുന്നു എന്നര്‍ത്ഥം.

ഈഴവനാമം കേരളീയര്‍ക്കുള്ള പൊതു സംജ്ഞയാണെന്ന്‍ ഏ.ബാലകൃഷണപിള്ള (കേസരി) അഭിപ്രായപ്പെടുന്നുണ്ട്.  തീയ്യത്തികളെന്ന അര്‍ത്ഥത്തില്‍ ചേരത്തികള്‍ എന്ന് ഭാര്‍ഗ്ഗവ രാമായാണം പഴയ താളിയോല ഗ്രന്ഥത്തില്‍ വര്‍ണ്ണിച്ചിട്ടുള്ളത് ഈ വാദത്തെ ബലപ്പെടുത്തുന്നതായും അദ്ദേഹം പറയുന്നു.  ചേരന്‍, തീയ്യന്‍, ഈഴവന്‍ എന്നീ പദങ്ങള്‍ മലനാട്ടുകാര്‍ എന്നതിന്റെ പര്യായ പദങ്ങളാണെന്നും ബാലകൃഷ്ണപിള്ള പിന്നീട് പറയുന്നു.    ഈഴവന്‍ എന്ന പദം ഒരു ജാതിയേയോ, മതത്തെയോ സൂചിപ്പിക്കുന്നില അത് കൊണ്ട് എസ്.എന്‍.ഡി.പി. യോഗത്തില്‍ ജാതി മതഭേദം കൂടാതെ എല്ലാവര്ക്കും അംഗത്വം നല്‍കാവുന്നതാണ് എന്ന് ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈഴവന്‍ എന്നത് മലനട്ടുകാരന്‍ എന്ന അര്‍ഥം വെച്ച് കൊണ്ടാവാം ഗുരുദേവന്‍ അങ്ങിനെ പറഞ്ഞത് എന്ന് കരുതാം എന്നും ബാലകൃഷ്ണപിള്ള പറയുന്നു. എന്നാല്‍  ബാലകൃഷ്ണ പിള്ളയുടെ ഈ അഭിപ്രായത്തോട് യോജിക്കാന്‍ മലബാറിലെ തീയ്യര്‍ തയ്യാറല്ല. 

കേരളത്തില്‍ പണ്ട് ദേശവാഴികളായിരുന്ന തീയ്യ പ്രമാണിമാര്‍ക്ക് തറയില്‍ കാരണവ സ്ഥാനവും നായര്‍ക്കും നമ്പൂതിരിക്കും വണ്ണാത്തിമാറ്റ് കൊടുപ്പിക്കാണും നിരോധിക്കാനുമുള്ള അധികാരവും കൊള്ളക്കാരെ കഴുവേറ്റി തൂക്കികൊല്ലാനുമുളള അധികാരവും ആശാരി, തട്ടാന്‍, കൊല്ലന്‍, കണിയാന്‍, വണ്ണാന്‍ തുടങ്ങിയ സകല ഗാര്‍ഹിക തൊഴില്‍ക്കാരുടെ മേലുള്ള നിയന്ത്രണാധികാരവും എല്ലാം പരശുരാമനില്‍ നിന്ന് ലഭിച്ചതാണെന്ന് ഭാര്‍ഗ്ഗവ രാമായാണം പറയുന്നു. പരശുരാമനില്‍ നിന്ന് ലഭിച്ചതാണെങ്കിലും അല്ലെങ്കിലും മേല്‍പ്പറഞ്ഞ അധികാരങ്ങള്‍  അന്നവര്‍ക്കുണ്ടായിരുന്നു എന്ന സത്യം ഭാര്‍ഗ്ഗവ രാമായണത്തില്‍ നിന്ന് വെളിവാകുന്നു. 

കേരളത്തില്‍ വന്നു ചേര്‍ന്ന ആര്യബ്രാഹ്മണരുടെ ചെറു സംഘങ്ങള്‍ അവരുടെ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും ചാതുര്‍വര്‍ണ്യം നടപ്പില്‍ വരുത്തുന്നതിനും വേണ്ടി കേരളീയരിലെ അന്നത്തെ പരിഷ്കൃത വര്‍ഗക്കാരില്‍ നിന്ന് പരിവര്‍ത്തനം ചെയ്യിച്ചെടുത്ത കേരളീയര്‍ തന്നെയാണ് നമ്പൂതിരിമാര്‍ (ബോബെ റിസര്‍ച് ഇന്‍സ്റ്റിട്ട്യൂട്ട്‌) എന്ന് കെ. സദാനന്ദ വൈദ്യര്‍ ഉദ്ധരിക്കുന്നു.  ഇക്കാര്യം ചരിത്ര ഗവേഷകരായ പത്മനാഭ മേനോന്‍, ഇളംകുളം, ഇ.എം.എസ് എന്നിവരെല്ലാം ഒരു പോലെ അംഗീകരിച്ചിട്ടുള്ള ഒരു പരമാര്‍ത്ഥമാണിത്.   

വെളിയില്‍ നിന്ന് കുടിയേറി വന്നവര്‍ തന്നാട്ടു ഭാഷയുമായി എത്ര ഇഴുകി ചേര്‍ന്നാലും അവരുടെ ഗൃഹ്യഭാഷ സ്വന്തം മാതൃഭാഷ തന്നെ ആയിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമത്രേ. കേരളത്തില്‍ തമിഴരും കൊങ്ങിണികളും, തെലുങ്കരും, ജൂതന്മാരും എല്ലാം ഇതിന്നുദാഹരണമാണ്‌. ആര്യന്മാരായ സിംഹളരുടെ വീട്ടു ഭാഷ ഇപ്പോഴും പാലിയാകുന്നു. നമ്പൂതിരി ബ്രാഹമണര്‍ക്ക് മലയാളമല്ലാതെ സ്വന്തം മാതൃഭാഷയെന്നു പറയാവുന്ന മറ്റൊരു ഗൃഹ്യഭാഷയും അവര്‍ക്കില്ല. നമ്പൂതിരിമാര്‍ പുറമേ നിന്നും വന്നവര്‍ അല്ലെന്നുള്ളത്തിനു ഇത് മുഖ്യ തെളിവാകുന്നു.

നമ്പൂതിരിമാര്‍ക്കും നായന്മാര്‍ക്കും തീയ്യര്‍ക്കും തമ്മിലുണ്ടായിരുന്ന പഴയ കുടുംബബന്ധങ്ങളെ വെളിപ്പെടുത്തുന്ന കഥകളും രേഖകളും ചരിത്രത്തിന്റെ പഴയ ഏടുകളില്‍ നിറം മങ്ങിക്കിടക്കുന്നുണ്ട്. കോഴിക്കോട് മുതലായ പ്രദേശങ്ങളില്‍ തീയ്യര്‍ വിവാഹത്തിനു പോകുമ്പോള്‍ രണ്ടു നായന്മാര്‍ ചങ്ങാത്തം (അകമ്പടി) പോകുന്ന സമ്പ്രദായം ഇന്നും ഉണ്ട് (കേരള ചരിത്ര നിരൂപണം പേജ് 180).

നമ്പൂതിരിമാര്‍, നായര്‍, തീയ്യര്‍ എന്നിവര്‍  ഒരു വര്‍ഗത്തില്‍ പെട്ടവരാണെന്നും ഇവരുടെ ഇടയില്‍ ജാതിഭേദം ഇല്ലായിരുന്നും ഇവര്‍ പൊതുവേ നാഗര്‍ എന്നാണു അറിയപ്പെട്ടിരുന്നത്.   പ്രാചീന കേരളം എന്ന തന്റെ പുസ്തകത്തില്‍ ചട്ടമ്പി സ്വാമികള്‍ ഇക്കാര്യം മുന്നെ രേഖപ്പെടുത്തിയിരുന്നു.  അങ്ങിനെ ഒന്നായി നിന്ന ഒരു വംശം പിന്നീട് ചേരിതിരിഞ്ഞു അതില്‍ നമ്പൂതിര്‍ക്കും നായര്ക്കും മുന്‍കൈ ലഭിച്ചു. 

(തുടരും....)

തെയ്യവും തീയ്യനും - 4

മലബാറിലെ തീയ്യരുടെ പൂര്‍വ്വികര്‍ കിര്ഗിസ്ഥാന്കാര്‍  (KYRGYZTHAN) ആണെന്നും അവര്‍ക്ക് തിരുവിതാംകൂറിലെ ഈഴവരുമായി യാതൊരു ബന്ധവുമില്ലെന്നും ഡി.എന്‍. ഏ. മാപ്പിങ്ങ് വഴി ഡോക്ടര്‍ എന്‍. സി. ശ്യാമളന്‍ തെളിയിച്ചിരിക്കുന്നു. 

പ്രസിദ്ധ ഹോളിവുഡ് സംവിധായകനായ മനോജ്‌ നൈറ്റ് ശ്യാമളന്റെ പിതാവാണ് ഡോക്ടര്‍ എന്‍. സി. ശ്യാമളന്‍. അമേരിക്കന്‍ കോളേജ് ഓഫു ഫിസിഷ്യന്‍സിലെ ഫെലോയും റോയല്‍ കോളേജ് ഒഫ് ഫിസിഷ്യന്‍സിലെ ഫെലോയുമായ ശ്യാമളന്‍ മലബാറിലെ മാഹിയില്‍ ജനിച്ചവനാണ്.

മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്ന് ഒരു കൂട്ടര്‍ സെന്‍ട്രല്‍ ഏഷ്യയില്‍ കിര്‍ഗിസ്ഥാനിലെക്ക് കുടിയേറി. അതില്‍ നിന്ന് ഒരു വിഭാഗം കേരളത്തിലെ വടക്കെ മലബാറില്‍ കുടിയേറി. അവര്‍ തീയ്യര്‍ എന്നറിയപ്പെട്ടു. ശ്യാമളന്‍ തന്റെ ഡി.എന്‍.ഏ. ടെസ്റ്റ്‌ നടത്തിയതില്‍ നിന്ന് ഏ മുതല്‍ ആര്‍ വരെയുള്ള ഗ്രൂപ്പില്‍ ശ്യാമളന്റെത് കെ. ഗ്രൂപ്പും സബ് ഗ്രൂപ്പ് എല്‍ ഗ്രൂപ്പുമാണ്. ഇതില്‍ കെ. ഗ്രൂപ്പ്കാര്‍ ആഫ്രിക്കയില്‍ നിന്ന് സെന്‍ട്രല്‍ ഏഷ്യയിലേക്ക് കുടിയേറി പാര്‍ത്തവരാണ്. Tien Shan എന്ന താഴ്വരയിലാണ് ഇവര്‍ താമസിച്ചത്. അതില്‍ നിന്നാണ് തീയ്യ എന്ന വാക്ക് വന്നത്. ഇതിലെ സബ് ഗ്രൂപ്പ് എല്‍ ഗ്രൂപ്പ് വടക്കെ മലബാറിലെക്ക് നീങ്ങി ഒപ്പം കൂര്‍ഗ്, നീലഗിരി എന്നിവിടങ്ങളി.ലേക്കും ഇവര്‍ വന്നത് പാക്കിസ്ഥാന്‍, രാജസ്ഥാന്‍ വഴിയായിരുന്നു. ഇങ്ങിനെ പോകുന്നു ശ്യാമളന്റെ കണ്ടെത്തലുകള്‍.  
തീയ്യ മഹാസഭ ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ പുതുക്കടി മാട്രിമോണിയല്‍ ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തീയ്യ യുവാക്കളെ ഈഴവര്‍ എന്ന പേരില്‍ കാണിക്കുന്ന രീതിയില്‍ ശക്തിയായ പ്രതിഷേധം പ്രകടിപ്പിക്കുകയും അത്തരം സൈറ്റുകള്‍ക്കെതിരെ ജില്ലാ ഭരണാധികാരികളും പോലീസും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.  തീയ്യരും ഈഴവരും രണ്ടു വിഭാഗം തന്നെയാണ് എന്നും ഇനി മുതല്‍ ഒ.ബി.സി. കമ്മീഷനും പി.എസ്. സി.യുമൊക്കെ ഈഴവര്‍ എന്നതിന് പകരം തീയര്‍ എന്ന് എഴുതാനുള്ള സൗകര്യം അവരുടെ ഓണ്‍ലൈനില്‍  ഉണ്ടാക്കുമെന്നും ഉറപ്പ് നല്‍കിയത്രെ. തെക്കന്‍ കേരളത്തിലെ തീയ്യരെ ഈഴവരായി കണക്കാക്കുന്ന രീതിയും അവരെ ബോധ്യപ്പെടുത്തി തിരുത്തിക്കുമെന്ന് തീയര്‍ മഹാസഭ നേതാക്കള്‍ പറയുന്നു.

2013 ഫെബ്രുവരി 2ന് കോഴിക്കോട് ബീച്ചില്‍ എസ്. എന്‍.ഡി.പി. സംഘടിപ്പിച്ച ഈഴവ തീയ്യ മലബാര്‍ മഹാസമ്മേളനം തീയ്യ മഹാ സഭ നഖശിഖാന്തം എതിര്‍ക്കുകയുണ്ടായി. തീയ്യരെ എസ്. എന്‍.ഡി.പി. നേതാക്കള്‍ പ്രത്യേക വിഭാഗമായി കാണാത്തത്തിലുള്ള തങ്ങളുടെ പ്രതിഷേധവും അവര്‍ അറിയിക്കുകയുണ്ടായി.

കൃഷണ അയ്യര്‍ തന്റെ കേരള ചരിത്രത്തില്‍ പറയുന്നത് വടക്കെ മലബാറില്‍ തീയ്യര്‍ ലക്ഷദ്വീപ് വഴിയാണ് ചിറക്കല്‍ രാജാക്കന്മാരുടെ കാലത്ത് എത്തിച്ചെര്‍ന്നത് എന്നാണു. ശ്രീലങ്കയില്‍ നിന്ന് ചാന്നന്മാര്‍ തിരുവിതാംകൂറിലും ഒരു കൂട്ടര്‍ ലക്ഷദ്വീപിലും പോയി എന്നും ലക്ഷദ്വീപിലുള്ള അവര്‍ പിന്നീട് വടക്കെ മലബാറിലേക്ക് വന്നു തീയ്യ സമുദായം കെട്ടിപ്പടുത്തു എന്നുമാണ് കൃഷണ അയ്യര്‍ പറയുന്നത്. തിരുവിതാംകൂറില്‍ എത്തിയവരെ ഈഴവരെന്നും വടക്കെ മലബാറില്‍ എത്തിയവരെ തീയ്യരെന്നും വിളിക്കുന്നു എന്ന് സാരം. എന്നാല്‍ ഈ വാദം തീയ്യര്‍ അംഗീകരിക്കുന്നതേയില്ല.

തലശ്ശേരിക്കടുത്ത ധര്‍മ്മടം ദ്വീപില്‍  സിംഹള രാജാവ് ഒരിക്കല്‍ അഭയം തേടി. രാജാവിനെ സ്വന്തം സഹോദരന്‍ സ്ഥാനഭ്രഷ്ടനാക്കിയപ്പോഴായിരുന്നു അത്. അക്കാലത്ത് ചിറക്കല്‍ രാജാവിന്റെ കീഴിലായിരുന്നു ധര്‍മ്മടം ദ്വീപ്‌. ചിറക്കല്‍ രാജാവ് സിംഹള രാജാവിന് ആളും അര്‍ത്ഥവും നല്‍കി അഭയം നല്‍കി. ഈ രാജാവാകട്ടെ പില്‍ക്കാലത്ത് ശ്രീലങ്കയിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്തുവത്രേ. എന്നാല്‍ ഈ ദ്വീപില്‍ ഏകദേശം ആറു, ഏഴു നൂറ്റാണ്ടുകളില്‍ ബുദ്ധമത സന്യാസികള്‍ വളരെ ശക്തി പ്രാപിക്കുകയും അവിടെയുള്ളവര്‍ ഒക്കെ ബുദ്ധമതക്കാരാവുകയും ചെയ്തുവത്രേ. ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് ദ്വീപിനു ധര്‍മ്മടം എന്ന പേര് ലഭിച്ചതത്രേ. അത് പോലെ തന്നെ വടക്കെ മലബാറില്‍ ഇപ്പോഴും യാചകരെ ഭിക്ഷക്കാര്‍, ധര്‍മ്മക്കാര്‍ എന്നാണു വിളിച്ചു വരുന്നത് . ഈ ദ്വീപിലുള്ളവരുടെ പിന്‍ഗാമികളാണ്‌ തീയ്യര്‍. Tivu (Island) TIVU ARS Thiyyar. .

പി.കെ. ഗോപാലകൃഷണനും അത് പോലെ തന്നെ മറ്റ് പലരും സര്‍ദാര്‍ കെ.എം. പണിക്കര്‍ പറയുന്നത് പോലെ തീയര്‍ പസഫിക് പോളിനേഷ്യയില്‍ നിന്നോ ഇന്തോനേഷ്യയില്‍ നിന്ന് വന്നവരാണെന്നോ കരുതുന്നു. ഇവര്‍ ഈഴവരെക്കാള്‍ മുന്‍പുള്ളവര്‍ ആണെന്നും പറയുന്നു.
ചരിത്രകാരന്മാര്‍ പറയുന്നത് തീയ്യര്‍ എന്നാല്‍ തിരയ്യര്‍ എന്നാണു. തിരയ്യര്‍ കടലില്‍ വസിക്കുന്ന ആളുകളാണ് തിരയിലൂടെ വന്നവര്‍, ഓളങ്ങളിലൂടെ വന്നവര്‍ (നാവികര്‍) എന്നും അര്‍ത്ഥം. ഇക്കൂട്ടര്‍ തിരുപ്പതിയിലും കാഞ്ചിയിലും സ്ഥിര താമസമാക്കിയിട്ടുണ്ട്. ചോള രാജാവായ ഇളന്തിരയന്‍ കടലില്‍ നിന്ന് വന്ന ആളായിരുന്നു. തിരയ്യര്‍ പല സ്ഥലങ്ങളിലും കണ്ടു വരുന്നു. ഇന്തോനേഷ്യയിലും തെക്കന്‍ ഏഷ്യയിലും.

തീയര്‍ സംഘകാലം മുതലേ ഉണ്ട് എന്നതിന്റെ തെളിവാണ് അടുത്ത കാലത്തായി തമിഴ് നാട്ടില്‍ നിന്ന് കണ്ടെടുത്ത ഹീറോ സ്റ്റോണ്‍ ബി.സി. മുന്നൂറിലെതാണെന്നു കണക്കാക്കിയിട്ടുണ്ട്. ഇത് സംഘകാലത്ത് തീയ്യര്‍ ആര്യ ബ്രാഹമണരോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മക്കായിരുന്നു. കല്ലില്‍ തീയ്യ ആണ്ടവന്‍ എന്ന് കൊത്തിവെച്ചിട്ടുണ്ട്. പെടു വില്ലേജില്‍ നിന്നാണ് ഇത് കണ്ടെടുത്തിരിക്കുന്നത്. ഹീറോ മരണപ്പെട്ടത് കുഡല്‍ ഉര്‍ (Kudal Ur) എന്ന ഗ്രാമത്തില്‍ വെച്ചാണ്.

ഇനി ഈഴവരെക്കുറിച്ച് പരിശോധിക്കാം...എന്നാല്‍ കേരളത്തിന്റെ പ്രാചീന ചരിത്രത്തില്‍ തരീസാപ്പള്ളി ശാസനത്തിലാണ് ഈഴവ ശബ്ദം ആദ്യമായി പ്രയോഗിച്ചിട്ടുള്ളത്.അത് ഏ.ഡി. 848 ലാണ്.  കേരളത്തിനു വെളിയില്‍ തമിഴ്നാട്ടിലും സിലോണിലും ഒക്കെ ചരിത്രത്തിലും ഗുഹാഭിത്തികളിലെ ലിഖിതത്തിലും തമിഴ് ബ്രാഹ്മി ലിപിയില്‍ ഈഴവരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അത് ബി.സി. മൂന്നാം നൂറ്റാണ്ടിലാണ്. അശോക ചക്രവര്‍ത്തിയുടെ കാലത്തിനു മുന്നേ തന്നെ ഇവര്‍ ഉണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു.

സ്ഥാണുരവി ചക്രവര്‍ത്തി കൊല്ലത്തെ ശബരീശോ മുതലാളിയുടെ തരീസാപ്പള്ളിക്ക് നല്‍കിയ ചെപ്പേടില്‍ (ഏ.ഡി. 848) ലാണ് ഈഴവരെപ്പറ്റി ആദ്യമായി ഒരു പരാമര്‍ശം കാണുന്നത്.വേണാട് വാഴുന്ന അയ്യനടികള്‍ തിരുവടികള്‍ തരീസാപ്പള്ളിക്ക് അട്ടിപ്പേറായി (ജന്മമായി) നല്‍കിയ പ്രദേശത്ത് നാലുകുടി ഈഴവരും എട്ട് ഈഴക്കയ്യരും ഉണ്ടെന്നുള്ളതാണ് പരാമര്‍ശത്തിന്റെ സ്വഭാവം..

പതിനാറാം നൂറ്റാണ്ടില്‍ ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന കേരളോല്‍പ്പത്തിയിലും, കേരള മാഹാത്മ്യത്തിലും മറ്റും കേരളത്തെക്കുറിച്ച് പറയുന്നത് പരശുരാമ ക്ഷേത്രമെന്നും ഭാര്‍ഗ്ഗവ ക്ഷേത്രമെന്നുമാണ്. ഇതാകട്ടെ ഒരു ചരിത്ര ഗ്രന്ഥമായി കരുതാനാവില്ലെങ്കിലും നല്ലൊരു കെട്ടുകഥയായി വായിക്കാവുന്നതാണ്. ഒപ്പം അതിലടങ്ങിയ സത്യങ്ങളെയും അര്‍ദ്ധ സത്യങ്ങളെയും വേരിതിരിച്ചു വായിക്കേണ്ടതുമാണ്!! 

ഈഴവ തീയ്യ ജനതയെ ക്കുറിച്ച് പഠനം നടത്തിയ കാമ്പില്‍ ശ്രീ കെ. അനന്തന്റെ അഭിപ്രായം പ്രാചീനകാലത്തെ ഗോത്ര വര്‍ഗ്ഗങ്ങളില്‍ പലതും ഒന്ന് ചേര്‍ന്ന് ഒരു പ്രത്യേക സമുദായം എന്ന നിലയില്‍ ഏകീകരിക്കപ്പെട്ട് ഈഴവര്‍ എന്ന നാമധേയം ഉത്ഭവിച്ചിരിക്കുന്നു എന്നാണ്.  ഈ അഭിപ്രായത്തോട് മലബാറിലെ തീയ്യര്‍ക്ക് യോജിപ്പില്ല. 

സിലോണില്‍ നിന്ന് ബുദ്ധമത പ്രചാരണത്തിനു വന്നു ചേര്‍ന്ന ബുദ്ധഭിക്ഷക്കളുടെ മതപ്രചരണത്തെത്തുടര്‍ന്ന്‍ ബുദ്ധമതക്കാരായി തീര്‍ന്ന അന്നത്തെ പല ഗോത്രവര്‍ഗ്ഗങ്ങളുടെയും ഒരു സമൂഹം എന്ന നിലയില്‍ ഈഴവര്‍ എന്ന പേരില്‍ ഒരു പ്രത്യേക സമുദായം രൂപമെടുത്തിരിക്കുന്നു എന്നാണു മയ്യനാട്ട് ശ്രീ കെ. ദാമോദരന്റെ അഭിപ്രായം.      
ഈ അഭിപ്രായത്തോട് മലബാറിലെ തീയ്യര്‍ യോജിക്കുന്നതേയില്ല.

ക്രിസ്തുവര്‍ഷം ഒമ്പതാം നൂറ്റാണ്ടിനു മുമ്പ് ഈഴവര്‍ എന്ന പേരില്‍ ഒരു പ്രത്യേക സമുദായം കേരളത്തില്‍ ഉണ്ടായിരുന്നതായി യാതൊരു ചരിത്ര തെളിവുകളുമില്ല എന്നാണു ചിലരുടെ അഭിപ്രായം.

ഏ.ഡി. പന്ത്രണ്ടാം ശതകം വരെ ഈഴവര്‍ എന്നത് ഒരു ജാതിപ്പേരായിരുന്നില്ല; തൊഴില്‍പരമായ പേരായിരുന്നു എന്ന് ഇളംകുളം ശ്രീ പി.എന്‍. കുഞ്ഞന്‍പിള്ള കേരള ചരിത്ര പ്രശ്നത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഏ.ഡി. പന്ത്രണ്ടാം ശതകത്തിലെ ഭാഷാ കൌടിലീയത്തിലും ജാതി നാമം എന്ന നിലയില്‍ അല്ലാതെ മാത്രമാണ് ഈഴവര്‍ എന്ന പേര്‍ ഉപയോഗിച്ച് കാണുന്നത്.   രാജ രാജ ചോളന്റെ തഞ്ചാവൂര്‍ ലിഖിതത്തില്‍  (ഏ.ഡി. 985-1013)  തൊഴിലുമായി ബന്ധപ്പെടുത്തി ഈഴവന്‍ എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. (Tamil Studies 1914, M Srinivasa Iyengar P.60).

തൊഴിലുകളുടെ അടിസ്ഥാനത്തില്‍ ജാതികള്‍ക്ക് രൂപം നല്‍കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഉദയത്തോടുകൂടി ഈ വ്യവസ്ഥ അംഗീകരിക്കാത്ത ഈഴവര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥക്ക് വെളിയില്‍ ഒരു തരം താണ ജാതിയായി പരിണമിക്കുകയാണുണ്ടായത്.  ഏഴും എട്ടും നൂറ്റാണ്ടില്‍ കേരളത്തില്‍ ബ്രാഹ്മണമതം ശക്തി പ്രാപിച്ചതിനു ശേഷം  അപ്പഴോ അല്ലെങ്കില്‍ ഒമ്പതാം നൂറ്റാണ്ടിലോ ആയിരിക്കണം കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത്.
ഈഴവരുമായി പല പ്രകാരത്തില്‍ ബന്ധപ്പെട്ട സംഘകാല കൃതികളിലോ, വിശേഷിച്ച് ചിലപ്പതികാരം, മണിമേഖല മുതലായ സംഘകാല മഹാകാവ്യങ്ങളിലോ ഈഴവന്‍ എന്ന ജാതിനാമം സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളില്ല.

പ്രൊഫസര്‍ അയ്യപ്പന്‍റെ അഭിപ്രായത്തില്‍ കേരളത്തില്‍ സ്ഥിരമായി കൃഷി ആരംഭിച്ച ആദ്യത്തെ കര്‍ഷക ജനവിഭാഗം ഈഴവരാണ്. അതിനെ തെളിയിക്കുന്ന വിധത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കര്‍ഷക ജനവിഭാഗവും കര്‍ഷകത്തൊഴിലാളികളും ഇന്നും ഈഴവര്‍ തന്നെയാണ്. മി.ലോഗന്‍ മലബാര്‍ മാനുവലില്‍ ഈഴവരെ വിലയിരുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. എന്തൊക്കെയായാലും താമ്രശാസനങ്ങളില്‍ നിന്ന് ഒരു കാര്യം വ്യകതമാകുന്നുണ്ട്-അവര്‍ (ഈഴവര്‍) ആദ്യകാലത്ത് സുസംഘടിതരായ ഒരു വിഭാഗം കര്‍ഷകരായിരുന്നു. (Vol I.P.117).

ബുദ്ധമതത്തിന്റെ ജൈത്രയാത്ര കേരളത്തില്‍ നടക്കുമ്പോള്‍ തീയ്യരായിരുന്നു  യഥാര്‍ത്ഥ ഭൂവുടമകള്‍ എന്നത്രേ ഇതിന്റെ അര്‍ഥം. അക്കാലത്ത് ഉത്ഭവിചിട്ടുള്ള സംഘം കൃതികളില്‍ കര്‍ഷക ജനതയായി വിവരിച്ചിരിക്കുന്ന ഉഴവരും തീയ്യരും ഒരേ ജനത തന്നെ എന്നും ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.  തീയ്യരെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ എല്ലാം ഈഴവര്‍ എന്ന് പറയുന്നത് കൊണ്ട് ഇക്കാര്യങ്ങള്‍ തീയ്യരെക്കുറിച്ചു തന്നെയാണ് പറഞ്ഞത് എന്നും അനുമാനിക്കാം. 

ബുദ്ധവിഹാരത്തിന്റെയും തീയ്യരുടെയും കൈവശമിരുന്നിരുന്ന കൃഷി ഭൂമികള്‍ ആര്യവല്‍ക്കരണ വേളയിലാണ് നഷ്ടപ്പെട്ടത്. കേരളത്തില്‍ ബ്രഹ്മസ്വം, ദേവസ്വം, ശ്രീപാദം എന്നീ നാമധേയങ്ങള്‍ വഹിച്ചു കൊണ്ട് രംഗപ്രവേശനം ചെയ്ത ജന്മിഭൂമികളുടെ ഉത്ഭവത്തിന്റെ സാഹചര്യം ആര്യവല്‍ക്കരണം തന്നെ. അതിനെയാണ് പരശുരാമദത്തമാക്കി ബ്രാഹ്മണര്‍ ഐതിഹ്യം വഹി കേരളത്തിന്റെ ജന്മികളാണെന്ന് വരുത്താന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ബ്രാഹ്മണര്‍ക്ക് അട്ടിപ്പേര് (ജന്മം) ലഭിച്ച ഭൂമികളെ ബ്രഹ്മസ്വം ഭൂമികളെന്നും ക്ഷേത്രങ്ങള്‍ക്ക് അട്ടിപ്പേര്‍ ലഭിച്ച ഭൂമികളെ ദേവസ്വം ഭൂമികളെന്നും ക്ഷത്രിയരായ നാടുവാഴികള്‍ക്ക് അട്ടിപ്പേര്‍ ലഭിച്ച ഭൂമികളെ ശ്രീപാദം ഭൂമികളെന്നും അവര്‍ വിഭജിക്കുകയും ചെയ്തിരിക്കുന്നു.

കേരളത്തിലെ ബുദ്ധമതക്കാരായ കര്‍ഷക ജനത കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്ത ഫലപുഷ്ക്കലമാക്കിത്തീര്‍ത്ത ഭൂമികള്‍ ബ്രാഹ്മണരും ക്ഷത്രിയരും കൂടി ഭുജ ബലമുപയോഗിച്ച് കൈവശപ്പെടുത്തി വീതിച്ചെടുത്തത്തില്‍ നിന്നാണ് പരശുരാമന്റെ മഴുവേറും  ഈ ജന്മാവകാശവും ഉദയം ചെയ്തിരിക്കുന്നത്.

(തുടരും....)